കോഴിക്കോട്: മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കുമിടയില്‍ പരസപര വിദ്വേഷവും അനൈക്യവും സൃഷ്ടിക്കുന്നതില്‍ നിന്നും മതനേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് മര്‍കസ് ഡയറക്ടര്‍ ജനറലും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി. മുഹമ്മദ് ഫൈസി. മര്‍കസില്‍ നടന്ന അഹ്ദലിയ്യ പ്രാര്‍ത്ഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിനും സമൂഹത്തിനും മാതൃകയാവേണ്ടവരാണ് മതനേതാക്കള്‍. അവരില്‍ നിന്ന് അപക്വമായ വാക്കുകളും പ്രവര്‍ത്തനങ്ങളും ഉണ്ടാവുന്നത് സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കും. ഏതെങ്കിലും വ്യക്തികളോടോ ആശയത്തോടോ ഉള്ള എതിര്‍പ്പില്‍ മതം കലര്‍ത്തുന്നത് നല്ല രീതിയല്ല, ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടാതെ സഹകരണത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുഹ്‌യിദ്ദീന്‍ സഅദി കൊട്ടുകര രിഫാഈ ശൈഖ് അനുസ്മരണ പ്രഭാഷണം നടത്തി. ദീര്‍ഘകാലം മര്‍കസ് പ്രസിഡന്റായിരുന്ന അവേലത്ത് തങ്ങളുടെ ഓര്‍മകള്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പങ്കുവെച്ചു. അടുത്തിടെ മരണപ്പെട്ട മര്‍കസ് പ്രവര്‍ത്തകരെയും സഹകാരികളെയും സംഗമത്തില്‍ അനുസ്മരിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കെ.കെ മുഹമ്മദ് മുസ്ലിയാര്‍, ഉസ്മാന്‍ സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു.