സംസ്ഥാനത്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; നടന്നത് ലക്ഷങ്ങളുടെ പിന്‍വാതില്‍ നിയമനങ്ങള്‍: വി.ഡി സതീശന്‍

സംസ്ഥാനത്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; നടന്നത് ലക്ഷങ്ങളുടെ പിന്‍വാതില്‍ നിയമനങ്ങള്‍: വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്നാല്‍, ഇക്കാലയളവില്‍ കേരളത്തില്‍ നടന്നത് മൂന്ന് ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമനങ്ങളില്‍ മന്ത്രി എം.ബി രാജേഷ് സഭയെ അറിയിച്ച കണക്ക് തെറ്റാണെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് നിയമനങ്ങള്‍ക്കായി ഒരു സമാന്തര റിക്രൂട്ട്‌മെന്റ് സംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും പ്രതിപക്ഷ നേതാവ് സഭയില്‍ ഉയര്‍ത്തി.

‘പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ച് വ്യക്തത നല്‍കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് മാധ്യമങ്ങളോ പ്രതിപക്ഷമോ അല്ല പുറത്തുവിട്ടത്. സി.പി.എം പാര്‍ട്ടിക്കുള്ളില്‍ അധികാര തര്‍ക്കവും വീതംവയ്പ്പും വന്നപ്പോഴാണ് പാര്‍ട്ടി ഗ്രൂപ്പുകളിലൂടെ കത്ത് പുറത്തുവന്നത്. കോര്‍പ്പറേഷന്‍ നിയമന കത്ത് വ്യാജമാണെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷിക്കുന്നതിനിടെ മേയര്‍ കത്ത് എഴുതിയില്ലെന്ന് സഭയില്‍ മന്ത്രി പറഞ്ഞത് എന്ത് ആധികാരികതയുടെ അടിസ്ഥാനത്തിലാണ്? പ്രധാനപ്പെട്ട നേതാക്കളുടെ ഭാര്യമാര്‍ക്ക് നിയമനം കിട്ടിയത് എല്ലാവര്‍ക്കും അറിയാം. പിന്‍വാതില്‍ നിയമനം ലഭിച്ചവരുടെ ലിസ്റ്റുണ്ട്’. പക്ഷേ ഞങ്ങള്‍ പേരെടുത്ത് പറയുന്നില്ല. നിയമനം ലഭിച്ചവരുടെ പേര്‍ ഞങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും വി.ഡി സതീശന്‍ സഭയെ അറിയിച്ചു.

പിന്‍വാതില്‍ നിയമനത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവേയാണ് മന്ത്രി എം.ബി രാജേഷ് നിയമന കണക്കുകള്‍ നിരത്തിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ കാലയളവ് മുതല്‍ ഇതുവരെ ഇടത് സര്‍ക്കാര്‍ ആറര വര്‍ഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങള്‍ നടത്തിയെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രം 1.61 ലക്ഷം നിയമനങ്ങള്‍ നടന്നുവെന്നുമാണ് മന്ത്രി സഭയെ അറിയിച്ചത്. ബോര്‍ഡും കോര്‍പറേഷനും അടക്കം 55 സ്ഥാപനങ്ങളിലെ നിയമനം കൂടി പി.എസ്.സിക്ക് വിട്ടുവെന്നും സംസ്ഥാനത്ത് പുതിയതായി 181 ഐ.ടി കമ്പനികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് സതീശന്‍ കണക്കുകള്‍ തെറ്റാണെന്ന ആരോപണം ഉയര്‍ത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *