തലശ്ശേരി: അന്തരിച്ച പ്രമുഖ അഭിഭാഷകന്‍ വി.ബാലന്റെ നാമധേയത്തില്‍ തലശ്ശേരിയില്‍ നിയമപഠനത്തിനും ഗവേഷണത്തിനുമായി പ്രത്യേകം കേന്ദ്രം ജില്ലാ കോടതിയോട് ചേര്‍ന്ന് സ്ഥാപിക്കുമെന്നും അതിലേക്ക് തന്റെ ആസ്ഥി വികസന ഫണ്ട് അനുവദിക്കുമെന്നും നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍.ഷംസീര്‍ പറഞ്ഞു. അഡ്വ.വി.ബാലന്‍ മെമ്മോറിയല്‍ ഫൗണ്ടേഷനും ജില്ല കോടതി ബാര്‍ അസോസിയേഷനും ചേര്‍ന്ന് ബൈസെന്റിനറി ഹാളില്‍ ചേര്‍ന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അറിയപ്പെടുന്ന നിയമ വിദഗ്ദനായിരുന്ന വി.ബാലന്‍ വക്കീലിന് ഈ സമൂഹത്തോടുണ്ടായിരുന്ന പ്രതിബദ്ധതക്കുള്ള സ്മാരകമായി ഗവേഷണ കേന്ദ്രം മാറുമെന്നും സ്പീക്കര്‍ പറഞ്ഞു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ്.കെ.പി.ജ്യോതിന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച നിയമ പ്രഭാഷണ പരമ്പരയില്‍ ക്രിമിനല്‍ നിയമ പരിപാലനത്തില്‍ അഭിഭാഷകരുടെ പങ്ക് എന്ന വിഷയത്തില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷാജി.പി. ചാലി പ്രഭാഷണം നടത്തി. ജയില്‍ശിക്ഷ അനുഭവിക്കുന്നവരുടെ മനുഷ്യാവകാശങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനം ഉണ്ടാവേണ്ടതുണ്ടെന്നും അതിലേക്ക് അഭിഭാഷകരുടെ ശ്രദ്ധ പതിയണമെന്നും ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു. ജില്ലാ ജഡ്ജി തുഷാര്‍, മുന്‍ ഡി.ജി.പി അഡ്വ.ടി.ആസഫലി, റിട്ട. ജഡ്ജി പ്രസന്ന, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ.അജിത്ത് കുമാര്‍,സീനിയര്‍ അഭിഭാഷകരായ പി.രാജന്‍, ഒ.ജി.പ്രേമരാജന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി.സുനില്‍കുമാര്‍, ഫൗണ്ടേഷന്‍ കണ്‍വീനര്‍ അഡ്വ.എം.കെ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കോടതിയിലെ ന്യായാധിപന്‍മാര്‍, അഭിഭാഷകര്‍, ഗുമസ്തന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.