കോഴിക്കോട്: ജില്ലാ കേരളോത്സവം ഏഴ് മുതല്‍ 12 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ 12 ബ്ലോക്കില്‍ നിന്നും ഏഴ് മുനിസിപ്പാലിറ്റിയില്‍ നിന്നും കോഴിക്കോട് കോര്‍പറേഷനില്‍ നിന്നായി 6000ത്തോളം കലാ-കായിക താരങ്ങള്‍ പങ്കെടുക്കും. കലാമത്സരയിനങ്ങളില്‍ 18 ദേശീയ യുവോത്സവ ഇനങ്ങളുള്‍പ്പെടെ 59 ഇനങ്ങളിലും അത്‌ലറ്റിക്‌സ്, ഗെയിംസ്, നീന്തല്‍, കളരി, അമ്പെയ്ത്ത് എന്നീ ഇനങ്ങളിലും മത്സരം നടക്കും. മാനാഞ്ചിറ സ്‌ക്വയര്‍, ജില്ലാ പഞ്ചായത്ത് ഹാള്‍, വാകയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നരിക്കുനി മിനി സ്റ്റേഡിയം, ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ്, സെന്റ് ജോസഫ് കോളേജ് ദേവഗിരി, നടക്കാവ് സ്വിമ്മിങ് പൂള്‍, കൊയിലാണ്ടി മിനി സ്റ്റേഡിയം, അവിടനല്ലൂര്‍ എന്‍.എന്‍ കക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വ്യത്യസ്ത ദിനങ്ങളില്‍ കലാ-കായിക മത്സരങ്ങള്‍ നടക്കും. കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഏഴിന് വൈകീട്ട് നാല് മണിക്ക് പ്രശസ്ത വോളിബോള്‍ താരം ടോം ജോസഫ് മാനാഞ്ചിറയില്‍ നിര്‍വഹിക്കും.
അത്‌ലറ്റിക് മത്സരങ്ങള്‍ 12ന് മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയത്തില്‍ നടക്കും. ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം 10ന് വൈകീട്ട് അഞ്ച് മണിക്ക് കൂട്ടാലിടയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എം.കെ രാഘവന്‍ എം.പി, കെ.എം സച്ചിന്‍ദേവ് എം.എല്‍.എ, ജില്ലാകലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഢി, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി എന്നിവര്‍ സംബന്ധിക്കും. കേരളോത്സവത്തിന്റെ പ്രചരണാര്‍ഥം നാളെ വൈകീട്ട് നാല് മണിക്ക് കാരപറമ്പ് ടര്‍ഫില്‍ സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും. ജനപ്രതിനിധികള്‍, ജീവനക്കാര്‍, യുവജന സംഘടനാ ഭാരവാഹികള്‍, പ്രസ്‌ക്ലബ് ടീമുകള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം വിമല, ജില്ലാ പഞ്ചായത്തംഗം കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫിസര്‍ എം.ടി പ്രേമന്‍, സീനിയര്‍ സൂപ്രണ്ട് സെല്‍വരത്‌നം, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ വിനോദന്‍ പൃത്തിയില്‍ എന്നിവര്‍ പങ്കെടുത്തു.