ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും മുഖാമുഖം

ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും മുഖാമുഖം

സെനഗലിനെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇംഗ്ലണ്ടും പോളണ്ടിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചും ഫ്രാന്‍സും ക്വാര്‍ട്ടറിലേക്ക്‌

ദോഹ: ഇംഗ്ലണ്ട്- ഫ്രാന്‍സ് ക്ലാസിക് പോരാട്ടത്തിന് ക്വാര്‍ട്ടറില്‍ കളമൊരുങ്ങുന്നു. പോളണ്ടിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയതെങ്കില്‍ സെനഗലിനെ എതിരില്ലാത്ത മുന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലീഷ് പട ക്വാര്‍ട്ടറില്‍ എത്തിയത്. തീര്‍ത്തും ആധികാരികമായിരുന്നു ഇരുടീമുകളുടേയും വിജയം. ഫ്രാന്‍സ്- പോളണ്ട് മത്സരത്തില്‍ തുടക്കം മുതല്‍ ഫ്രഞ്ച് ആക്രമണം തന്നെയായിരുന്നു. സൂപ്പര്‍ താരം എംബാപ്പെ ഇരട്ടഗോള്‍ നേടിയപ്പോള്‍ ഒലിവര്‍ ജിറൂദും ഗോളടിച്ച് പട്ടിക പൂര്‍ത്തിയാക്കി. പെനാല്‍ട്ടിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് പോളണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ആദ്യപകുതി തീരാന്‍ ഒരു മിനിട്ട് മുമ്പാണ് ഫ്രാന്‍സ് ആദ്യ ഗോള്‍ നേടുന്നത്. ഈ ഗോളിലൂടെ ഫ്രാന്‍സിന്റെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാവാനും ജിറൂദിന് സാധിച്ചു. രണ്ടാം പാതിയില്‍ 74-ാം മിനിട്ടില്‍ രണ്ടാം ഗോളുമെത്തി. ഡെംബേലയുടെ പാസ് സ്വീകരിച്ച്, സമയമെടുത്ത് എംബാപ്പെ തൊടുത്ത ഷോട്ട് വലയില്‍ തുളച്ചുകയറി. ഇഞ്ചുറി സമയത്ത് എംബാപ്പെ വിജയമുറപ്പിച്ച ഗോളും നേടി. തുറാമിന്റെ പാസ് സ്വീകരിച്ച് എംബാപ്പെ തൊടുത്ത വലങ്കാലന്‍ ഷോട്ട് ഷെസ്നിയെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് ആക്രമണങ്ങള്‍ക്ക് മുന്നില്‍ മിഴിച്ചു നില്‍ക്കാനേ സെനഗലിന് കഴിഞ്ഞുള്ളൂ. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ബുക്കായോ സാക്ക എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ബല്ലിംഗ്ഹാമിന്റെ അസിസ്റ്റില്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ കളിയുടെ 38ാം മിനിട്ടില്‍ ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടി. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ഫോഡന്റെ അസിസ്റ്റില്‍ ഹാരി കെയ്ന്‍ ടീമിന്റെ ലീഡ് രണ്ടാക്കിയുയര്‍ത്തി. രണ്ടാം പകുതിയില്‍ 57-ാം മിനിട്ടില്‍ ബുക്കായോ സാക്കയുടെ സൂപ്പര്‍ ഫിനിഷിങ്ങില്‍ സെനഗലിന്റെ വലായില്‍ മൂന്നാമതും ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ തീപാറുമെന്നുറപ്പായി. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും കന്നികിരീടം നേടാന്‍ വന്ന ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത് ഫുട്‌ബോള്‍ പ്രേമികളെ ത്രില്ലടിപ്പിക്കുമെന്നുറപ്പാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *