എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ്: കലാസാഹിത്യ അരങ്ങുകള്‍ സാംസ്‌കാരിക ഇന്ത്യയെ പുനര്‍നിര്‍മിക്കുമെന്ന് ബംഗ്ല കവി

എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ്: കലാസാഹിത്യ അരങ്ങുകള്‍ സാംസ്‌കാരിക ഇന്ത്യയെ പുനര്‍നിര്‍മിക്കുമെന്ന് ബംഗ്ല കവി

ദക്ഷിണ്‍ ധിനാജ്പൂര്‍ (വെസ്റ്റ് ബംഗാള്‍): രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഒത്തുകൂടാനും കലാസാഹിത്യ സൃഷ്ടികള്‍ അവതരിപ്പിക്കാനും അവസരമുണ്ടാവുക എന്നത് മികച്ച സാംസ്‌കാരിക പ്രവര്‍ത്തനമായി കാണുന്നുവെന്നും ഭാഷാഭേദമില്ലാതെ മനുഷ്യര്‍ക്ക് ചേര്‍ന്നുനില്‍ക്കാനുള്ള വേദികളെ സന്തോഷത്തോടെ കാണണമെന്നും പ്രമുഖ ബംഗ്ല കവിയും സാമൂഹിക പ്രവര്‍ത്തകനുമായ പ്രസുന്‍ ഭൗമിക് പറഞ്ഞു. എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ല കവിത അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്. 26 സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ദേശീയ കലാമേളക്കാണ് പശ്ചിമബംഗാള്‍ ദക്ഷിണ്‍ ധിനാജ്പൂര്‍ ജില്ലയിലെ താപ്പനില്‍ കഴിഞ്ഞദിവസം തുടക്കം കുറിച്ചത്. എസ്.എസ്.എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ഡോ. പി.എ മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ബിജിന്‍ കൃഷ്ണ, തപന്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ തിര്‍താര്‍കര്‍ ഘോഷ്, സി.ഡബ്ല്യു.സി മെംബര്‍ സൂരജ് ദാസ്, തപന്‍ പോലിസ് ഇന്‍സ്പെക്ടര്‍ ഗൗതം റോയ്, എസ്.വൈ.എസ് കേരള പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി, എസ്.എസ്.എഫ് ദേശീയ ജന. സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി, വൈസ് പ്രസിഡന്റ് ഉബൈദുല്ലാഹ് സഖാഫി, ട്രഷറര്‍ സുഹൈറുദ്ദീന്‍ നൂറാനി സംബന്ധിച്ചു.
26 സംസ്ഥാനങ്ങളില്‍നിന്നായി 637 പ്രതിനിധികള്‍ 82 ഇനങ്ങളിലാണ് സാഹിത്യോത്സവില്‍ മത്സരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 30 വിദഗ്ധര്‍ വിധി കര്‍ത്താക്കളായി പങ്കെടുക്കുന്നു. സാഹിത്യോത്സവ് സജ്ജീകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി 111 വളണ്ടിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. വളണ്ടിയര്‍ സംഘത്തിലും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരുണ്ട്. ദേശീയ ക്യാംപസുകളിലെ വിദ്യാര്‍ഥികളുമുണ്ട് കൂട്ടത്തില്‍. 47 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് സാഹിത്യോത്സവ് പരിപാടികള്‍ നിയന്ത്രിക്കുന്നത്. 313 അംഗ സ്വാഗതസംഘവും പ്രവര്‍ത്തിക്കുന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവിന് ഞായറാഴ്ച വൈകുന്നേരം സമാപനമാകും. സമാപന സമ്മേളനം പശ്ചിമ ബംഗാള്‍ ഉപഭോക്തൃ കാര്യ മന്ത്രി ബിപ്ലബ് മിത്ര ഉദ്ഘാടനം ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *