ലോകകപ്പില്‍ ബ്രസീലിനെ അട്ടിമറിച്ച് കാമറൂണിന്റെ മടക്കം
ദോഹ: ഗ്രൂപ്പ് ജിയല്‍ രണ്ട് കളികളും വിജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയ ബ്രസീല്‍ കാമറൂണിനെതിരേയുള്ള മത്സരത്തെ വലിയ ഗൗരവത്തോടു കൂടിയല്ല കണ്ടിരുന്നത്. അതുക്കൊണ്ടാകണം ഒന്നാംനിര താരങ്ങളെ സൈഡ് ബെഞ്ചിലിരുത്തി രണ്ടാംനിര താരങ്ങളെ മൈതാനത്തിറക്കിയുള്ള ടിറ്റെയുടെ പരീക്ഷണം. എന്നാല്‍ അനായസകരമായി ജയിച്ചു കയറാമെന്ന ബ്രസീലിയന്‍ മോഹങ്ങള്‍ക്ക് വിരുദ്ധമായ കളിമികവാണ് കാമറൂണ്‍ പുറത്തെടുത്തത്. ആ കളിമികവില്‍ ബ്രസീലിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന നേട്ടമാണ് അവര്‍ ചരിത്ര താളുകളില്‍ എഴുതിച്ചേര്‍ത്തിയത്. ജയിച്ചെങ്കിലും പ്രീക്വാര്‍ട്ടര്‍ കാണാതെ മടങ്ങാനാണ് കാമറൂണിന്റെ വിധി. എങ്കിലും ഇതിലും മികച്ചൊരു വീരോചിതമായ വിട പറയല്‍ അവര്‍ക്ക് ആറാധകര്‍ക്ക് നല്‍കാനില്ല. 39കാരനായ ഡാനി ആല്‍വ്‌സിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്രസീല്‍ നിരന്തരം കാമറൂണ്‍ ഗോള്‍മുഖത്തേക്ക് ഇരച്ചു കയറിയെങ്കിലും കാമറൂണ്‍ ഗോള്‍കീപ്പര്‍ എപ്പാസിയെ മറികടക്കാനായില്ല.
ആന്റണിയും മാര്‍ട്ടിനെല്ലിയും ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ ബ്രസീല്‍ ടീമിനായില്ല. നിരവധി സെറ്റ്പീസുകളാണ് ബ്രസീല്‍ ടീം പാഴാക്കിയത്. 10ല്‍ കൂടുതല്‍ കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഒന്നുപോലും മുതലാക്കാനില്ല. മറുഭാഗത്ത് കാമറൂണിന്റെ മുന്നേറ്റങ്ങള്‍ പലതും ബ്രസീല്‍ ഗോള്‍മുഖത്തെ ഞെട്ടിക്കുന്നതായിരുന്നു. 90 മിനിട്ടും കഴിഞ്ഞിട്ടും ഗോള്‍ പിറക്കാതിരുന്ന മത്സരത്തില്‍ കളി സമനിലയില്‍ ചെന്നവസാനിക്കുമെന്ന് തോന്നിച്ചുവെങ്കിലും ഇന്‍ജുറി ടൈമില്‍ കാമറൂണ്‍ ഞെട്ടിച്ചു. നായകന്‍ വിന്‍സെന്റ് അബൂബക്കറിന്റെ തലപ്പാകത്തിനാണ് എംബെക്കലിയുടെ ക്രോസ്. ഡേഴ്‌സണെ വെറും നോക്കുകുത്തിയാക്കി അബൂബക്കര്‍ പന്ത് ഗോള്‍ വര കടത്തി. വിജയാഹ്ലാദത്തിനൊടുവില്‍ ജഴ്‌സിയൂരിയ അബൂബക്കറിന് നേരെ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചു. തുടര്‍ന്നുള്ള എട്ട് മിനിട്ടില്‍ 10 പേരുമായാണ് കാമറൂണ്‍ കളിച്ചത്.
അവാസാന നിമിഷങ്ങളില്‍ മികച്ച അവസരങ്ങള്‍ ബ്രസീലിന് ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയായി. തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ബ്രസീല്‍ പ്രീക്വാര്‍ട്ടറിലെത്തി. പ്രീക്വാര്‍ട്ടറില്‍ സൗത്ത് കൊറിയയാണ് ബ്രസീലിന്റെ എതിരാളി. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രീക്വാര്‍ട്ടറിലെത്തി. സ്വിറ്റ്‌സര്‍ലാന്‍ഡിനായി ഷാഖിരി, എംബോള, ഫ്രൂളര്‍ എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ സെര്‍ബിയക്കായി മിട്രോവിച്ച്, വ്‌ലാഹോവിച്ച് എന്നിവര്‍ ഗോള്‍വല ചലിപ്പിച്ചു. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലാണ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ എതിരാളികള്‍.