കോഴിക്കോട്: ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകള്‍ സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.
നേരത്തെ ഫിറ്റ്‌നസ് ടെസ്റ്റിന് 1000 രൂപയാണ് ഈടാക്കിയത്. എന്നാല്‍, ഇത് പിന്നീട് 13,500 രൂപയായി മോട്ടോര്‍ വാഹനവകുപ്പ് ഉയര്‍ത്തി. എന്നാല്‍, ഇതിനെതിരേ ബസ്സുടമകള്‍ കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. മുന്‍പ് വാങ്ങിയിരുന്ന 1000 രൂപ തുടര്‍ന്നും ഈടാക്കിയാല്‍ മതിയെന്ന് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ആര്‍.ടിഒ.മാര്‍ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ഇതില്‍ പ്രതിഷേധിച്ച് കോടതിയലക്ഷ്യത്തിന് കേസ് നല്‍കാനും സമരവുമായി മുന്നോട്ട് പോകാനാണ് സ്വകാര്യ ബസ്സുടമകളുടെ തീരുമാനം.