ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ട സാഹചര്യമില്ല: സുപ്രീം കോടതിയില്‍ ഗുജറാത്ത്

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ട സാഹചര്യമില്ല: സുപ്രീം കോടതിയില്‍ ഗുജറാത്ത്

ന്യൂഡല്‍ഹി: ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പ്രതികള്‍ക്കെതിരേ കടുത്ത നിലപാട് അറിയിച്ച് സുപ്രീം കോടതിയില്‍ ഗുജറാത്ത്. പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ജാമ്യം നല്‍കുന്നത് പരിഗണിക്കാനുള്ള നിര്‍ദേശം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുന്നോട്ട് വച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 2018 മുതല്‍ 31 പ്രതികളുടെ അപേക്ഷ കോടതിക്ക് മുന്നിലാണ്.
ഇന്നലെ ഈ കേസ് പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഗുജറാത്ത് സര്‍ക്കാരിനോട് നിലപാട് ചോദിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായത്. കേവലം ട്രെയിനിന് കല്ലെറിഞ്ഞ കേസ് അല്ല ഇതെന്നാണ് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞത്. ട്രെയിന്‍ കത്തുമ്പോള്‍ യാത്രക്കാര്‍ പുറത്തിറങ്ങാതിരിക്കാന്‍ മനപ്പൂര്‍വം കല്ലെറിയുകയും നിരവധി പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത സംഭവമാണ് ഇത്. അതുകൊണ്ട് ജാമ്യാപേക്ഷ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

2002 ഫെബ്രുവരി 27 നാണ് സബര്‍മതി എക്‌സ്പ്രസിന്റെ ബോഗി കത്തിച്ചുകൊണ്ടുള്ള ആക്രമണം നടന്നത്. രാജ്യത്തെ തന്നെ നടുക്കിയ കറുത്ത ദിനങ്ങളുടെ തുടക്കമായിരുന്നു ഈ ആക്രമണം. 52 പേരിലധികം പേരുടെ മരണത്തിനാണ് ഈ ആക്രമണം കാരണമായത്. ആക്രമണത്തില്‍ ഉള്‍പ്പെട്ട 31 പ്രതികള്‍ക്ക് ജീവപര്യന്തം അടക്കമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. 2018ല്‍ ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചു.

അതേസമയം ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇത്തരമൊരു കേസ് പരിഗണിക്കപ്പെട്ടിരിക്കുന്നത് എന്നത് ഗുജറാത്ത് സര്‍ക്കാരിന് നിര്‍ണായകമാണ്. എന്നാല്‍, ബില്‍ക്കിസ് ബാനു കേസില്‍ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *