കോട്ടയം സന്ദര്‍ശനവും വിവാദത്തില്‍; ശശി തരൂരിന്റെ പരിപാടിയില്‍ തിരുവഞ്ചൂരും നാട്ടകം സുരേഷും പങ്കെടുക്കില്ല

കോട്ടയം സന്ദര്‍ശനവും വിവാദത്തില്‍; ശശി തരൂരിന്റെ പരിപാടിയില്‍ തിരുവഞ്ചൂരും നാട്ടകം സുരേഷും പങ്കെടുക്കില്ല

കോട്ടയം: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ കോട്ടയം സന്ദര്‍ശനം വിവാദത്തില്‍. തരൂരിന്റെ കോട്ടയത്ത് നടക്കുന്ന പരിപാടിയില്‍ തിരുവഞ്ചൂരും നാട്ടകം സുരേഷും പങ്കെടുക്കില്ല. ശശി തരൂരിന്റെ കോട്ടയം സന്ദര്‍ശനത്തെ കുറിച്ച് യൂത്ത് കോണ്‍ഗ്രസിന് അറിയിപ്പ് ലഭിച്ചില്ലെന്ന് ആവര്‍ത്തിച്ച് കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം ശശി തരൂരും അറിയിച്ചില്ല. ശശി തരൂരിന്റെ ഓഫിസില്‍ നിന്നെന്ന് പറഞ്ഞു വന്ന ഫോണ്‍ കോള്‍ ഒന്നും പറയാതെ കട്ട് ചെയ്തെന്ന് നാട്ടകം സുരേഷ് ആരോപിച്ചു. സംഘടനാ കീഴ്‌വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ല. കെ.പി.സി.സി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും നാട്ടകം സുരേഷും പറഞ്ഞു.

പാലായില്‍ സംഘടിപ്പിച്ചിരിക്കുന്ന കെ.എം ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലും തരൂര്‍ പങ്കെടുക്കും. എന്നാല്‍, പരിപാടിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷമുള്ള തിരുവഞ്ചൂരിന്റെ പിന്മാറ്റം. സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്നാണ് നാട്ടകം സുരേഷ് പറയുന്നത്. കോട്ടയത്ത് എത്തുന്ന തരൂര്‍ ഇന്ന് പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണുന്നുണ്ട്. തരൂരും വി.ഡി സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തരൂരിനായി വേദി ഒരുക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *