കൊറിയക്ക് മുമ്പില്‍ പോര്‍ച്ചുഗല്‍ വീണു

കൊറിയക്ക് മുമ്പില്‍ പോര്‍ച്ചുഗല്‍ വീണു

പോര്‍ച്ചുഗലിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മറികടന്ന കൊറിയ പ്രീക്വാര്‍ട്ടറില്‍

ദോഹ: അട്ടിമറികളുടെ ലോകകപ്പെന്ന് അശേഷം സംശയമില്ലാതെ പറയാവുന്നതാണ് ഇത്തവണ ഖത്തറിലേത്. അര്‍ജന്റീനയുടെ പരാജയത്തോടു കൂടി തുടങ്ങിയ ലോകകപ്പില്‍ പല പ്രമുഖ ടീമുകളും കടലാസിലെ കുഞ്ഞന്‍ ടീമുകള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി. ചില ടീമുകള്‍ പുറത്തായി. ജപ്പാനോട് തോറ്റ് തുടങ്ങിയ ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ജപ്പാന്‍ തന്നെ മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയിനിനേയും പരാജയപ്പെടുത്തി. ഫ്രാന്‍സിനെ ടൂണീഷ്യ തോല്‍പ്പിച്ചപ്പോള്‍ ബ്രസീലിനെ കാമറൂണും ഇപ്പോള്‍ പോര്‍ച്ചുഗലിനെ സൗത്ത്‌കൊറിയയും തോല്‍പ്പിച്ചിരിക്കുകയാണ്. വെറും അട്ടിമറികളെന്ന് വിശേഷിപ്പിച്ച് ഇത്തരം ടീമുകളുടെ വില കുറച്ചുകാണനാവില്ല. പോര്‍ച്ചുഗലിനെതിരേയുള്ള മത്സരം സൗത്ത് കൊറിയക്ക് ജീവന്‍ മരണ പോരാട്ടമായിരുന്നു.

ജയിച്ചാല്‍ മാത്രം മതിയായിരുന്നില്ല അവര്‍ക്ക്, മറിച്ച് അവര്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പ് എച്ചിലെ ഉറൂഗ്വേ ഘാന മത്സരഫലം കൂടി നിര്‍ണായകമായിരുന്നു. പൊരുതാനുറച്ചു തന്നെയായിരുന്നു സൗത്ത് കൊറിയയുടെ വരവ്. എന്നാല്‍ ആദ്യം ഗോള്‍ നേടിയത് പോര്‍ച്ചുഗലായിരുന്നു. അഞ്ചാം മിനിട്ടില്‍ റിക്കാര്‍ഡോ ഹൊര്‍ത്തയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. എന്നാല്‍ 27-ാം മിനിറ്റില്‍ കിം യംഗ്-ഗ്വാന്‍ കൊറിയയെ ഒപ്പമെത്തിച്ചു. 90 മിനിറ്റ് വരെ സ്‌കോര്‍ ഈ നിലയില്‍ തുടര്‍ന്നു. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ കൊറിയ പുറത്ത്് പോകുമെന്നിരിക്കെ ഇഞ്ചുറി ടൈമില്‍ ഹ്വാങ് ഹീ-ചാനിന്റെ ഗോളില്‍ കൊറിയ മുന്നിലെത്തി. പിന്നീട് മറ്റൊരു ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടാനും കൊറിയക്കായി. ഇതോടെ പ്രീ ക്വാര്‍ട്ടറിലേക്കുള്ള യോഗ്യതയും അവര്‍ നേടിയെടുത്തു. നാല് വര്‍ഷം മുമ്പ് റഷ്യന്‍ ലോകകപ്പില്‍ ജര്‍മനിക്കെതിരേ ആവര്‍ത്തിച്ച വിജയം ഇത്തവണ പോര്‍ച്ചുഗലിനെതിരേ നേടിയെടുത്ത കൊറിയന്‍ ടീം മറ്റു ടീമുകള്‍ക്ക് വെല്ലുവിളിയാകുമെന്നുറപ്പാണ്. പ്രീക്വാര്‍ട്ടറില്‍ ബ്രസീലാണ് കൊറിയയുടെ എതിരാളികള്‍. അവസാന മത്സരത്തില്‍ തോറ്റെങ്കിലും പോര്‍ച്ചുഗല്‍ ആറ് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ ഘാനയെ ഉറൂഗ്വേ തോല്‍പ്പിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ കൊറിയയെ മറികടക്കാന്‍ കഴിയാത്തതിനാല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ അവര്‍ പുറത്തായി. നിര്‍ണായക മത്സരത്തില്‍ ജോര്‍ജിയന്‍ ഡി അറസ്‌കേറ്റയുടെ ഇരട്ട ഗോളിലാണ് ഉറൂഗ്വേ ജയിച്ചു കയറിയത്. 2010 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഘാനയുടെ സെമി പ്രതീക്ഷകളെ കൈക്കൊണ്ട് തല്ലിക്കെടുത്തിയ ലൂയി സ്വാരസ് കണ്ണീരോടെ മടങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. 90ാം മിനിട്ടിലെ കൊറിയയുടെ അപ്രതീക്ഷിതമായ ഗോളില്‍ തകര്‍ന്നടിഞ്ഞത് ഉറൂഗ്വേയുടെ ഇത്തവണത്തെ ലോകകപ്പ് പ്രതീക്ഷകളാണ്. 2010ല്‍ ഘാനയെ ചതിച്ച് തോല്‍പ്പിച്ച സ്വാരസിന് കാലം കരുതിവച്ച ഉചിതമായ മറുപടിയാണ് കഴിഞ്ഞ ദിവസത്തേത് എന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ഇതിനെ വിലയിരുത്തുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *