കോഴിക്കോട്: കേരളബാങ്കില്‍ കോഴിക്കോട്ട് മാവൂര്‍റോഡ് ശാഖയില്‍ ജോലി ചെയ്യുന്ന ദീപ്തിക്ക് നീതി നിഷേധിക്കുന്ന കേരള ബാങ്കിന്റെ നടപടിക്കെതിരേ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹമാരംഭിക്കുമെന്ന് കേരള ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ കെ.കെ സജിത്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു സ്ഥലമാറ്റത്തിന് ഓപ്പണ്‍ വേക്കന്‍സിയിലേക്ക് അപേക്ഷ നല്‍കിയിട്ട് ബാങ്ക് അത് നിഷേധിക്കുകയാണ്. സ്ഥലമാറ്റത്തിനെതിരേ രാഷ്ട്രീയ ഇടപെടല്‍ നടന്നതിലാണ് ദീപ്തിക്ക് നീതി നിഷേധിക്കപ്പെടുന്നത്. കേരള ബാങ്കിന്റെ ട്രാന്‍സ്ഫര്‍ നോംസ് ഭരണവിലാസം സംഘടനകളുടെ താല്‍പര്യത്തിനനുസരിച്ച് വേണ്ടി അട്ടിമറിക്കുകയാണ്. ബാങ്ക് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും നിര്‍ദേശിച്ചിട്ടും കോഴിക്കോട് റീജ്യന്‍ ഓഫിസ് നടപ്പാക്കത്തത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണ്. ട്രാന്‍സ്ഫര്‍ അപേക്ഷകയായ ദീപ്തിയുടെ കുടുംബസാഹചര്യം വളരെ പ്രയാസം നിറഞ്ഞതാണ്. വളരെ അകലെനിന്ന് വന്ന് ജോലി ചെയ്ത് ഏറെ വൈകി വീട്ടിലെത്തുന്ന ദീപ്തിക്ക് കുട്ടികളുടെ കാര്യത്തിലോ, പ്രായമായ അമ്മയുടെ പരിചരണത്തിലോ ശ്രദ്ധിക്കാനാവുന്നില്ല. വീടിനടുത്തുള്ള ശാഖയില്‍ ഒഴിവുണ്ടായിട്ടും അവിടേക്ക് ട്രാന്‍സ്ഫര്‍ നല്‍കാതെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. പ്രശ്‌ന പരിഹാരമുണ്ടാകുന്നതുവരെ തുടര്‍പ്രക്ഷോഭം സംഘടിപ്പിക്കുമെന്നദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് പി. സുരേഷ്, എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി ബോധിസത്വന്‍ കെ.റെജി, ജനറല്‍ സെക്രട്ടറി പി.കെ രാജേഷ് എന്നിവരും പങ്കെടുത്തു.