തിരുവനന്തപുരം: കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍ എം.പി. കോട്ടയം ഡി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന നാട്ടകം സുരേഷിന്റെ വാദത്തെ ഖണ്ഡിച്ച് ശശി തരൂര്‍. ഡി.സി.സി പ്രസിഡന്റിനെ തന്റെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നുവെന്നും വരേണ്ടാത്തവര്‍ വരണ്ടെന്നും തരൂര്‍ പറഞ്ഞു. എന്റെ മനസ് തുറന്ന പുസ്തകമാണെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാല്‍ തരൂരിനൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ എത്തില്ലെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചിരുന്നു. താരിഖ് അന്‍വറിന്റെയും അച്ചടക്ക സമിതിയുടെയും നിര്‍ദേശം ലംഘിക്കപ്പെട്ടുവെന്ന് നാട്ടകം സുരേഷ് വിശദീകരിച്ചു. ശശി തരൂരിനെതിരേ അച്ചടക്ക സമിതിക്ക് രേഖാമൂലം പരാതി നല്‍കുമെന്നും നാട്ടകം സുരേഷ് പറഞ്ഞിരുന്നു. തരൂര്‍ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിച്ചിരുന്നു. പരിപാടികള്‍ അതത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു.
സാമൂഹിക സംഘടനയായ ബോധിഗ്രാമിന്റെ പരിപാടിയിലാണ് നാളെ തരൂര്‍ പങ്കെടുക്കുന്നത്. ക്ഷണമുണ്ടെങ്കിലും ഡി.സി.സി പ്രസിഡന്റ് പരിപാടിയില്‍ പങ്കെടുക്കില്ല.