കൊച്ചി: കേന്ദ്രസേനയെ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. ഇതോടെ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് തേടിയിരിക്കുകയാണ് ഹൈക്കോടതി. വിഴിഞ്ഞത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാനത്തില്‍ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും നിര്‍മാണം തടസപ്പെടുന്നുവെന്നും അതിനാല്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
കോടതിയുത്തരവുണ്ടായിട്ടും വിഴിഞ്ഞത്ത് പോലിസ് സംരക്ഷണം നല്‍കുന്നത് തങ്ങള്‍ക്കല്ലെന്നും പ്രതിഷേധക്കാര്‍ക്കാണെന്നും അദാനി പോര്‍ട്ട്‌സ് കോടതിയില്‍ വാദിച്ചു. പോലിസ് സംരക്ഷണമൊരുക്കണമെന്ന കോടതിയുത്തരവിന്റെ ലംഘനമാണിതെന്നും അദാനി ഗ്രൂപ്പ് നിലപാടെടുത്തു. ഇതോടെ വിഴിഞ്ഞത്ത് പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരേ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. മറുപടി നല്‍കിയ സര്‍ക്കാര്‍, വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ വെടിവെപ്പ് ഒഴികെ എല്ലാ നടപടികളും സ്വീകരിച്ചെന്ന് കോടതിയെ അറിയിച്ചു. ബിഷപ്പ് അടക്കമുള്ള വൈദികരെയും പ്രതിയാക്കി കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിന്റെ അന്വേഷണ ചുമതല ആര്‍.നിശാന്തിനിക്ക് നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ഇപ്പോഴും പദ്ധതി പ്രദേശത്തേക്ക് സാധനങ്ങളെത്തിക്കാന്‍ കഴിയുന്നില്ലെന്നും വൈദികരടക്കം പല പ്രതികളും ഇപ്പോഴും സമരപ്പന്തലിലുണ്ടെന്നും അദാനി പോര്‍ട്ട് കോടതിയെ അറിയിച്ചു. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലും കഴിയുന്നില്ലേയെന്ന ചോദ്യം കോടതി സര്‍ക്കാരിനോട് ചോദിച്ചു. അതോടെ പദ്ധതി പ്രദേശത്ത് നിന്നും സമരക്കാരെ ഒഴുപ്പിക്കാന്‍ വെടിവെപ്പ് നടത്തിയിരുന്നെങ്കില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുമായിരുന്നെന്ന് സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇതോടെ കേന്ദ്ര സേനക്ക് സുരക്ഷാച്ചുമതല നല്‍കണമെന്ന് അദാനി ഗ്രൂപ്പ് കോടതിയോട് ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ക്കില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. ഇത് ഫയലില്‍ സ്വീകരിച്ച കോടതി, സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ കേന്ദ്രസേനയെ പദ്ധതി മേഖലയില്‍ വിന്യസിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് മറുപടി പറയാനും കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റി.