കാര്‍ത്തിക
വീടും പരിസരവും മനോഹരമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ, ഇല്ലെന്നു തന്നെ പറയാം. വീടും പരിസരവും മനോഹരമാക്കാന്‍ ചെടികള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മനസ്സിനും ശരീരത്തിനും കുളിര്‍മയേകാന്‍ പൂന്തോട്ടത്തിന് കഴിയുന്നു. പുറം കാഴ്ചയില്‍ നിന്ന് അകത്തളങ്ങളില്‍ പച്ചപ്പിന്റെ പറുദീസ ഒരുക്കാന്‍ ഇന്ന് ഓരോരുത്തരും മത്സരിച്ചു കൊണ്ടിരിക്കുകയാണ്. തിരക്കുപിടിച്ച ജീവിതത്തില്‍ വീട്ടിലെത്തി വിശ്രമിക്കുമ്പോള്‍ അല്‍പം ശുദ്ധവായു ശ്വസിച്ച് മനസ്സിനും ശരീരത്തിനും ഉണര്‍വ്വേകുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ നമ്മുടെ വീടുകളും ഹൃദയവും കീഴടക്കി തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വായനക്കാര്‍ക്ക് ചില ഇന്‍ഡോര്‍ പ്ലാന്റുകളെ പരിചയപ്പെടാം. പട്ടാമ്പി ഗുരുവായൂര്‍ റോഡിലെ ഹാര്‍വെസ്‌റ്റേയിലെ റിസര്‍ച്ച് ഹെഡ് അഷിതയുടെ വാക്കുകളിലൂടെ നമുക്ക് സഞ്ചരിക്കാം. ജോലി തിരക്കിനിടയില്‍ പലര്‍ക്കും ചെടികളുടെ പരിചരണത്തിന് വേണ്ടത്ര സമയം കിട്ടാതെ വരികയും അവ കരിഞ്ഞുണങ്ങുന്നതും മിക്ക വീടുകളിലും കാണാം. വീടിനുള്ളില്‍ ചെടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും സമയം അധികം ചെലവഴിക്കാന്‍ കഴിയാത്തവര്‍ക്കും ഇന്‍ഡോര്‍ ഗാര്‍ഡന്‍ പരീക്ഷിക്കാം.
നനയ്ക്കാന്‍ മറന്നു പോയാലോ, അത്യാവശ്യത്തിന് വീട്ടില്‍ നിന്ന് കുറച്ച് ദിവസത്തേക്ക് മാറി നിന്നാലോ ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് ഒന്നും സംഭവിക്കില്ല. നല്ല ഉറക്കം ലഭിക്കുന്നതിനും അലര്‍ജി, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്ന് ഒരു പരിധിവരെ നമ്മെ സംരക്ഷിക്കാന്‍ കഴിയുന്ന ഇന്‍ഡോര്‍ പ്ലാന്റുകളും ഇന്ന് വിപണിയില്‍ സുലഭമാണ്. പഠനമുറികള്‍, കിടപ്പുമുറികള്‍, അടുക്കള, ഭക്ഷണമുറി, അതിഥി മുറികളിലെല്ലാം തന്നെ ഇന്ന് ഇന്‍ഡോര്‍ പ്ലാന്റുകളെ കാണാം. കണ്ണിനും മനസ്സിനും കുളിര്‍മയേകുമ്പോള്‍ ഇത്തരം ചെടികള്‍ നമ്മള്‍ അറിയാതെ നമ്മുടെ ആരോഗ്യം കൂടി സംരക്ഷിക്കുന്നു. ചില ഇന്‍ഡോര്‍ പ്ലാന്റുകളെ നമുക്ക് പരിചയപ്പെടാം.
പീസ് ലില്ലി
പോസിറ്റീവ് എനര്‍ജി നല്‍കാന്‍ കഴിയുന്ന ഒരു ചെടിയാണ് പീസ് ലില്ലി. പേരു പോലെ തന്നെ ആളൊരു സമാധാന പ്രിയനാണ്. തൂവെള്ള നിറത്തിലുള്ള പൂക്കള്‍ നമുക്ക് സന്തോഷം നല്‍കുന്നു. ചില്ലുപാത്രത്തില്‍ വെള്ളം നിറച്ച് ഇലകളില്‍ തട്ടാതെ തണ്ടു മാത്രം മുങ്ങി നില്‍ക്കുന്ന രീതിയിലും ചെടി വളര്‍ത്താം. വേര് നന്നായി കഴുകി വൃത്തിയാക്കി വേണം പാത്രത്തില്‍ ഇറക്കി വയ്ക്കാന്‍. വെള്ളാരം കല്ലുകള്‍ ഇട്ടുകൊടുത്ത് വേരുകള്‍ ഉറപ്പിക്കാം.
സ്‌നേക്ക് പ്ലാന്റ്
പാമ്പിനോട് സാദൃശ്യമുള്ള രൂപമായതിനാലാണ് ഈ ചെടിക്ക് സ്‌നേക്ക് പ്ലാന്റ് എന്ന പേരു വന്നത്. നാസ കണ്ടെത്തിയ ഏറ്റവും മികച്ച വായു ശുദ്ധീകരണ സസ്യങ്ങളില്‍ ഒന്നാണ് സ്‌നേക്ക് പ്ലാന്റ് . ഈ ചെടിക്ക് അധികം ശ്രദ്ധ ആവശ്യമില്ല.
മണിപ്ലാന്റ്
മണ്ണിലും വെള്ളത്തിലും ഒരുപോലെ വളരുന്ന ചെടിയാണ് മണിപ്ലാന്റ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ കൂടുതലായി വലിച്ചെടുക്കുകയും ഓക്‌സിജന്‍ ധാരാളം പുറത്തുവിടുകയും ചെയ്യുന്നതിനാല്‍ വീടിനുള്ളില്‍ ശുദ്ധവായു നിറയ്ക്കാന്‍ ഈ ചെടിക്ക് കഴിയും. ഈ ചെടിയുടെ പ്രധാന പ്രത്യേകതയായി പലരും പറയുന്നത് ഇത് വീട്ടിലുണ്ടായാല്‍ ധനമുണ്ടാകുമെന്നാണ്. ഡെവിള്‍സ് വൈന്‍, ഡെവിള്‍സ് ഐവി, ഗോള്‍ഡന്‍ പോത്തോസ് , മാര്‍ബിള്‍ പോത്തോസ്, ഹണ്ടേര്‍സ് റോബ് തുടങ്ങിയ വിവിധ ഇനം മണിപ്ലാന്റുകള്‍ ഇന്ന് പല വീടുകളിലുമുണ്ട്. പറഞ്ഞാല്‍ തീരാത്ത ഗുണവിശേഷങ്ങളുള്ള നിരവധി ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. ചെടികള്‍ വാങ്ങിക്കുമ്പോള്‍ ഗുണനിലവാരം ഉറപ്പു വരുത്തുന്ന വിശ്വസിക്കാവുന്ന സ്ഥലങ്ങളില്‍ നിന്നു മാത്രം വാങ്ങിക്കുക. ചെടികളെ നമ്മുടെ പെറ്റുകളെപ്പോലെ വളര്‍ത്തുക. ചെടികളുമായുള്ള സമ്പര്‍ക്കം നമുക്ക് മാനസിക സന്തോഷം കൂടി നല്‍കുന്നു.
Photo: Vipi D S
Location: Harvestay Pattambi, Landscaping Kerala Agriculture
model: munna Jazir, Rubeena, Ashitha , Priya Prasad, Arun, Abdul Azeez.