ജപ്പാന്‍ അകത്ത്, ജര്‍മനി പുറത്ത്

ജപ്പാന്‍ അകത്ത്, ജര്‍മനി പുറത്ത്

സ്‌പെയിന്‍, മൊറോക്കോ, ക്രോയേഷ്യ ടീമുകള്‍ പ്രീക്വാര്‍ട്ടറിലേക്ക്. ബെല്‍ജിയം പുറത്ത്

ദോഹ: ജര്‍മനിയും സ്‌പെയിനും കോസ്റ്ററിക്കയുമിള്ള ഗ്രൂപ്പ് ഇയില്‍ അത്ര വലിയ സാധ്യതകളൊന്നും കല്‍പ്പിക്കാത്ത ടീമായിരുന്നു ഏഷ്യയില്‍ നിന്നുള്ള ജപ്പാന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുമെന്നും മുന്‍ ലോക ചാമ്പ്യന്മാര്‍ക്ക് പോയിന്റ് ദാനമായി നല്‍കാന്‍ വേണ്ടി മത്രം കളിക്കാനിറങ്ങുകയുമാണെന്ന ആക്ഷേപങ്ങളെ മറികടന്നുക്കൊണ്ടാണ് അവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക് പ്രവശിച്ചത്. മുന്‍ ലോക ചാമ്പ്യന്മാരായ രണ്ട് ടീമുകളെ പരാജയപ്പെടുത്തിയെന്നത് ഈ യാത്രയില്‍ അവരുടെ മാറ്റ് കൂട്ടുന്നു. ജപ്പാന്‍ ജയിച്ചു കയറിയപ്പോള്‍ വിനയായത് ജര്‍മനിക്കാണ്. വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നത് വിലക്കിയ ഫിഫയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് വാ പൊത്തി ഫോട്ടോക്ക് പോസ് ചെയ്തുക്കൊണ്ടാണ് ജര്‍മനി തുടങ്ങിയത്. ഇന്ന് ഫുട്‌ബോള്‍ ലോകം ജര്‍മനിയെ കുറിച്ചോര്‍ത്ത് മൂക്കത്ത് കൈവച്ചു പോകും. അത്രക്കും ദുരന്തമായിരുന്നു അവരുടെ കളി. പേരുകേട്ട താരങ്ങളുണ്ടായിട്ടും അവര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം കോസ്റ്ററിക്കയെ 4-2ന് പരാജയപ്പെടുത്തിയെങ്കിലും ഗോള്‍ ശരാശരിയില്‍ സ്‌പെയിനിനെ മറികടക്കാന്‍ അവര്‍ക്കായില്ല. ജപ്പാനോടുള്ള തോല്‍വി സ്‌പെയിനിന് വലിയൊരു ആഘാതം തന്നെയാണ്. കോസ്റ്ററിക്കയെ 7-0 ന് തോല്‍പ്പിക്കുകയും ജര്‍മനിയെ സമനിലയില്‍ തളക്കുകയും ചെയ്ത് സ്‌പെയിന്‍ അവരുടെ വിദൂര സ്വപ്‌നത്തില്‍ പോലും കരുതി കാണില്ല ജപ്പാനോട് തോല്‍വി ഏറ്റുവാങ്ങുമെന്ന്.

ഖത്തറില്‍ ഏഷ്യന്‍ ഫുട്‌ബോളിന്റെ ഉദയസൂര്യനായി മാറുകയാണ് ജപ്പാന്‍. മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയും സ്‌പെയിനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ജപ്പാന്‍ തകര്‍ന്നടിയുമെന്നൊണ് എല്ലാവരും കരുതിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി ജപ്പാന്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. കോസ്റ്റാറിക്കയോട് ഒറ്റ ഗോള്‍ തോല്‍വി നേരിട്ടതോടെ ജര്‍മനിക്കെതിരായ വിജയത്തിന്റെ തിളക്കം വണ്‍ഡേ വണ്ടര്‍ എന്ന് ചുരുക്കിയവരെ തിരുത്തി സ്പെയിനെതിരായ അടുത്ത മത്സരത്തില്‍ വീണ്ടും ജപ്പാന്‍ അത്ഭുതം കാട്ടി. ജര്‍മനിക്കെതിരെയും സ്‌പെയ്‌നെതിരെയും ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങിയ ശേഷം രണ്ടാംപാതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ജപ്പാന്‍ ചരിത്രം കുറിച്ചത്. ആദ്യ പകുതിയില്‍ 1-0ന് മുന്നിലായിരുന്ന സ്‌പെയിനിനെ രണ്ടാം പകുതിയില്‍ രണ്ട് മിനിട്ടിന്റെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ജപ്പാന്‍ വീഴ്ത്തിയത്. ആദ്യ പകുതിയില്‍ 11-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയിലൂടെ സ്‌പെയിന്‍ മുന്നിലെത്തി.

എന്നാല്‍ ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും മൃഗീയ ആധിപത്യം പുലര്‍ത്തിയിട്ടും സ്‌പെയിനിനെ വീണ്ടും ഗോളടിക്കാന്‍ ജപ്പാന്‍ അനുവദിച്ചില്ല. ആദ്യ പകുതിയില്‍ സ്‌പെയിന്‍ 500ലേറെ പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ജപ്പാന്‍ നൂറില്‍ താഴെ പാസുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. രണ്ടാം പകുതിയില്‍ മറ്റൊരു ജപ്പാനെയാണ് കണ്ടത്. ജര്‍മനിക്കെതിരെ സമനില ഗോള്‍ നേടിയ റിറ്റ്‌സു ഡോവന്‍ 49-ാം മിനിറ്റില്‍ വോളിയിലൂടെ ജപ്പാന്റെ സമനില ഗോള്‍ നേടി. തൊട്ടു പിന്നാലെ വിവാദപരമായൊരു തീരുമാനത്തില്‍ ഔട്ടായ പന്തിലാണ് ഓ ടനാക ജപ്പാനെ മുന്നിലെത്തിച്ച ഗോള്‍ നേടിയതെന്ന് സംശയമുയര്‍ന്നെങ്കിലും വാര്‍ ചെക്കില്‍ ജപ്പാന് ഗോള്‍ അനുവദിച്ചു. 1998 മുതല്‍ എല്ലാ ലോകകപ്പിലും കളിക്കുന്ന ജപ്പാന്‍ നാലാം തവണയാണ് പ്രീ ക്വാര്‍ട്ടറിലെത്തുന്നത്.

കോസ്റ്റോറിക്കക്കെതിരെ വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ജര്‍മനി ഗ്രൗണ്ടിലിറങ്ങിയത്. പത്താം മിനിറ്റില്‍ തന്നെ സെര്‍ജ് ഗ്‌നാബ്രി ജര്‍മനിക്ക് ലീഡ് നല്‍കിയപ്പോള്‍ ഗോള്‍മഴയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ആദ്യ പകുതിയില്‍ ജര്‍മനിയെ പിന്നീട് ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന കോസ്റ്റോറിക്ക രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ യെല്‍സിന്‍ ജേഡയിലൂടെ സമനില ഗോള്‍ നേടി ജര്‍മനിയെ ഞെട്ടിച്ചു. തുടര്‍ന്ന് 70-ാം മിനിറ്റില്‍ യുവാന്‍ പാബ്ലോ വര്‍ഗാസ് കോസ്റ്റോറിക്കയെ മുന്നിലെത്തിച്ചതോടെ ജര്‍മനി വിറച്ചു. എന്നാല്‍ മൂന്ന് മിനിറ്റിനകം കയ് ഹാവെര്‍ട്‌സ് സമനില ഗോള്‍ നേടി ജര്‍മനിയെ ഒപ്പമെത്തിച്ചു. കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിയിരിക്കെ ഹാവെര്‍ട്‌സിന്റെ രണ്ടാം ഗോളില്‍ ജര്‍മനി ജയം ഉറപ്പിച്ചു. 89-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രുഗ് ഒരു ഗോള്‍ കൂടി കോസ്റ്റോറിക്കന്‍ വലയിലെത്തിച്ച് ജയം ആധികാരികമാക്കിയെങ്കിലും ആ ജയത്തിനും ജര്‍മനിയെ പ്രീ ക്വാര്‍ട്ടറിലെത്തിക്കാനായില്ല.

ഗ്രൂപ്പ് എഫില്‍ ക്രോയേഷ്യക്കെതിരേ ഗോളെന്നുറപ്പിച്ച അരഡസന്‍ അവസരങ്ങള്‍ കളഞ്ഞു കുളിച്ച ബെല്‍ജിയം ഗോള്‍രഹിത സമനില വഴങ്ങി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. സമനില വഴങ്ങിയെങ്കിലും അഞ്ച് പോയന്റുമായി ക്രോയേഷ്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ അവസാന മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് മൊറോക്കോ ഏഴ് പോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. തോല്‍വിയോടെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറ കൂടിയാണ് ലോക ഫുട്‌ബോള്‍ വേദിയില്‍ നിന്ന് വിടപറയുന്നത്. മോറോക്കോ- കാനഡ മത്സരത്തില്‍ നാലാം മിനിട്ടില്‍ ഹാകിം സിയെച്ചും 23ാം മിനിട്ടില്‍ യൂസഫ് എന്‍ നെസിറിയുമാണ് മൊറോക്കോക്കായി ഗോള്‍ നേടിയത്. 40ാം മിനിട്ടില്‍ മൊറോക്കയുടെ നയെഫ് അഗ്യൂര്‍ഡിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം വലയില്‍ കയറിയതാണ് കാനഡക്ക് ഗോള്‍ സമ്മാനിച്ചത്. 1986ന് ശേഷം ഇതാദ്യമായാണ് മൊറോക്കോ ലോകകപ്പ് നോക്കൗട്ടില്‍ കടക്കുന്നത.

Share

Leave a Reply

Your email address will not be published. Required fields are marked *