നിർമ്മാണോദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു
കോഴിക്കോട്:പൊതു വിദ്യാലയങ്ങളുടെ നാനോൻമുഖമായ പുരോഗതിക്കായി, വിവിധങ്ങളായ പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ചാലപ്പുറം ഗവ ഗണപത് മോഡൽ ഗേൾസ് എച്ച് എസ് എസിൽ യുപി ബ്ലോക്കിന്റെ കെട്ടിട നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വികസിത രാജ്യങ്ങളിലെ കലാലയങ്ങളോട് കിടപിടിക്കാൻ സാധിക്കും വിധം എല്ലാ പൊതു വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ പുരോഗതി പ്രാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സമഗ്രമായ വികസന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു. എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് ബ്ലോക്ക് നിർമ്മിക്കുന്നത്.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.രേഖ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉമൈബ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ പി ഉഷാദേവി ടീച്ചർ, പിടിഎ പ്രസിഡന്റ് എം സുരേഷ്, അസിസ്റ്റന്റ് എൻജിനീയർ കെ രജിത്, എസ് എം സി ചെയർമാൻ അബ്ദുൽ സാലു, എസ് എസ് ജി ചെയർമാൻ മനോജ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ എ കെ മധു സ്വാഗതവും ഹെഡ്മിസ്ട്രസ് ടി എൻ സുജയ നന്ദിയും പറഞ്ഞു.