കടത്തനാടിന്റെ ഹൃദയഭൂമിയിൽ സർഗ്ഗ വസന്തം തീർത്ത് ജില്ലാ യുവജനോത്സവത്തിന് സമാപനം

കടത്തനാടിന്റെ ഹൃദയഭൂമിയിൽ സർഗ്ഗ വസന്തം തീർത്ത് ജില്ലാ യുവജനോത്സവത്തിന് സമാപനം

കോഴിക്കോട്: വടക്കൻപാട്ടിന്റെയും കളരിപ്പയറ്റിന്റെയും നാടായ കടത്തനാടിന് കലയുടെ മാമാങ്കം സമ്മാനിച്ച ജില്ലാ സ്‌കൂൾ കലോത്സവത്തിന് തിരശ്ശീല വീണു. സമാപന സമ്മേളനം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു.
സിറ്റി ഉപജില്ല ഒന്നാം സ്ഥാനവും കൊയിലാണ്ടി ഉപജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്‌കൂളുകളിൽ സിൽവർഹിൽ എച്ച് എസ് എസ് ഒന്നാമതും മേമുണ്ട എച്ച് എസ് എസ് രണ്ടാമതും എത്തി.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന കലോത്സവം, മത്സരാർത്ഥികളും അധ്യാപകരും കലാസ്വാദകരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ ഏറ്റെടുത്ത് ജനകീയ ഉത്സവമാക്കി മാറ്റിയ കാഴ്ചയാണ് വടകരയിൽ കാണാൻ സാധിച്ചത്.
കലാപ്രതിഭകൾ വേദിയിൽ സർഗ്ഗവസന്തം സൃഷ്ടിക്കുമ്പോൾ വടകരയിലേയും, സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ പ്രവാഹമായിരുന്നു ഓരോ ദിവസവും. നിറഞ്ഞ് കവിഞ്ഞ വേദികൾക്ക് മുന്നിലാണ് മത്സരാർത്ഥികൾ തങ്ങളുടെ പ്രകടനങ്ങൾ കാഴ്ച വച്ചത്.
വിവിധ ഇനങ്ങളിലായി 8000 ത്തിലധികം വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂൾ, ബിഇഎം ഹയർ സെക്കൻഡറി സ്‌കൂൾ, ടൗൺ ഹാൾ തുടങ്ങി 19 വേദികളാണ് മത്സരങ്ങൾക്കായി സജ്ജമാക്കിയത്.
നഗരിയിൽ എത്തുന്നവർക്ക് അടിയന്തിര വൈദ്യസഹായവുമായി മെഡിക്കൽ സംഘവും സജീവമായിരുന്നു. വ്യത്യസ്തമായ ചികിത്സാ സജ്ജീകരണവുമായി അലോപ്പതി, ഹോമിയോപ്പതി, ആയൂർവേദം തുടങ്ങി മെഡിക്കൽ സംഘം കലോത്സവം തുടങ്ങി അവസാനം നിമിഷം വരെ നിരവധി പേർക്ക് സേവനം നൽകി.
ക്രമസമാധാനവും ഗതാഗതവും നിയന്ത്രിക്കുന്ന ചുമതലക്ക് പുറമെ കലാപ്രതിഭകൾക്കും കാണികൾക്കും സൗജന്യ ചുക്കുകാപ്പിയും കുടിവെള്ളവുമെത്തിച്ച് നാഗരിയിലെത്തുന്നവരുടെ ശ്രദ്ധ പോലീസുകാരും പിടിച്ചുപറ്റി. കേരളാ പൊലീസ് അസോസിയേഷന്റെയും പൊലീസ് ഓഫീസേർസിന്റെയും നേതൃത്വത്തിലായിരുന്നു ഈ മാതൃകാ പ്രവർത്തനം. ആയിരത്തിലധികം പേരുടെ ദാഹമാണ് കലോത്സവത്തി ന്റെ ഓരോ ദിവസവും പോലീസുകാർ അകറ്റിയത്.
കോവിഡ് കാലത്തിന് ശേഷം നാടുണർത്തി നടന്ന കലാ മാമാങ്കത്തെ ഒരേ മനസ്സോടെയാണ് വടകര ഏറ്റെടുത്തത്. ഇനി സംസ്ഥാന കലോൽസവത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലേക്ക്, സ്വന്തം മണ്ണിൽ ഒരിക്കൽ കൂടി കിരീടം നേടാനുള്ള ആവേശത്തിൽ കലാകാരന്മാർ നീങ്ങുകയാണ് .
മുന്നിൽ നിന്ന് നയിച്ച ജനപ്രതിനിധികളോടും പൊതു പ്രവർത്തകരോടും ജില്ലാ ഭരണകൂടത്തോടും സർക്കാരിനോടും കലാസ്വാദകരോടും യുവജനോത്സവത്തെ ജനകീയ ഉത്സവമാക്കി മാറ്റിയതിന് നന്ദി പറയുകയാണ് കലോത്സവ പ്രേമികൾ.

Share

Leave a Reply

Your email address will not be published. Required fields are marked *