ചാലക്കര പുരുഷു
മാഹി: കാല്‍നൂറ്റാണ്ടിലേറെക്കാലം തുടര്‍ച്ചയായി പുതുച്ചേരി അസംബ്ലി മെമ്പര്‍. മുഖ്യമന്ത്രിയുടെ പാര്‍ലിമെന്ററി സെക്രട്ടറി, ഡെപ്യൂട്ടി സ്പീക്കര്‍, ദശകങ്ങളോളം ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്ന എ.വി ശ്രീധരന്‍ ഇത്തരം ഒട്ടേറെ പദവികള്‍ വഹിച്ചാണ് ആറ് വര്‍ഷം മുമ്പ് ഈ ദിവസം കടന്നു പോയത്. ഒറ്റ തവണ നഗരസഭാംഗമായിത്തീര്‍ന്ന ചിലര്‍ പോലും കോടിശ്വരന്‍മാരായി മാറിയ മയ്യഴിയില്‍, ദീര്‍ഘകാലം അധികാരത്തിന്റെ ഉന്നതങ്ങളിലിരുന്നിട്ടും ജീവിത കാലത്ത് ഒരു വീട് വയ്ക്കാന്‍ പത്ത് വര്‍ഷത്തോളം വേണ്ടിവന്നു. മരണം വന്ന് വിളിച്ചപ്പോഴാകട്ടെ, ആരോരുമറിയാത്ത ലക്ഷങ്ങളുടെ കടബാധ്യതയും ബാക്കിയായി. ലളിതജീവിതവും വിനയവും മുഖമുദ്രയാക്കിയ ഈ പൊതുസേവകന്‍ നൂറു കണക്കിന് വേദികളില്‍ നടനായും ഗായകനായും നിറഞ്ഞു നിന്നു. രാഷ്ട്രീയത്തിലും, ജീവിതത്തിലും അഭിനയിക്കാനറിയാതെ പോയ ജനനേതാവ്. സംഗീതം പോലെ മധുരമായി പ്രസംഗിക്കാനും ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും അലിഞ്ഞ് ചേരാനും സാധിച്ച പച്ചയായ മനുഷ്യന്‍. മാഹി സ്പിന്നിങ്ങ് മില്ലിലെ സാധാരണ തൊഴിലാളിയായി ജീവിതമാരംഭിച്ച് , നാടിന്റെ ചോദ്യം ചെയ്യപ്പെടാത്ത ജനനായകനായി മാറി. സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ കടുത്ത എതിരാളികള്‍ക്ക് പോലും അഴിമതിയുടെ ഒരു ലാഞ്ചപോലും ചുണ്ടിക്കാണിക്കാനാവാത്ത വിധം വിശുദ്ധ വ്യക്തിത്വത്തിനുടമയായി മാറാന്‍ കഴിഞ്ഞ ജനനേതാവ്.
പരിമിതമായ അക്കാദമിക് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തീഷ്ണമായ അനുഭവങ്ങളെ ഗുണപാഠങ്ങളാക്കി പുതുച്ചേരി രാഷ്ട്രീയത്തില്‍ അദ്ദേഹം വേറിട്ട് നിന്നു. തമിഴക രാഷ്ട്രീയത്തിലെ അമരക്കാരനായി മാറിയ എ.വി.ശ്രീധരന്റെ ജീവിതം പുതുതലമുറക്ക് അവിശ്വസനീയമായി തോന്നുംവിധം സംഭവബഹുലമായിരുന്നു. ഗാന്ധിസത്തിന്റെ മൂല്യങ്ങളത്രയും സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ കോണ്‍ഗ്രസുകാരന്‍. തൂവെള്ള ഖദര്‍ വസ്ത്രവുമണിഞ്ഞ്, പുഞ്ചിരിച്ച് മാത്രം കാണപ്പെട്ട ഈ മനുഷ്യന്റെ വ്യക്തി ജീവിതത്തിന്റെ ദുരിതക്കയം മരണാനന്തരം മാത്രമാണ് സമൂഹം തിരിച്ചറിഞ്ഞത്. കാലവും നാടും വല്ലാതെ മാറിപ്പോയപ്പോഴും മാറാനനുവദിക്കാത്ത മനസ്സുമായി ജീവിതാന്ത്യം വരെ തനിക്ക് പിന്നില്‍ എത്ര പേരുണ്ടെന്ന് നോക്കാതെ, തനിക്ക് ശരിയെന്ന് ഉത്തമ ബോധ്യമുള്ളതിനെ മുറുകെ പിടിച്ച പളളൂരിന്റെ പ്രിയപ്പെട്ട എ.വി.എസിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ആറ് വര്‍ഷം തികയുകയാണ്.