കോഴിക്കോട്: ചെലവൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ആതിഥ്യം വഹിക്കുന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2,3 തീയതികളില്‍ നടക്കുമെന്ന് ലിബ (ലിറ്റില്‍ ഫ്‌ളവര്‍ ബാസ്‌ക്കറ്റ്‌ബോള്‍ അക്കാദമി) കണ്‍വീനര്‍ ഫാ. റിജോ കെ.ദേവസ്യ, പി.ടി.എ പ്രസിഡന്റ് ദീപക് ടി. വേലംകുന്നേല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തമിഴ്‌നാട്ടില്‍നിന്നും ഉള്‍പ്പെടെ 14 ടീമുകളാണ് മത്സരത്തിനായി എത്തിച്ചേരുക. ആണ്‍കുട്ടികളുടെ എട്ട് ടീമുകളും പെണ്‍കുട്ടികളുടെ ആറ് ടീമുകളും ഉണ്ടാകും. രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ബിജുമോന്‍.കെ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. കേരള ബാസ്‌ക്കറ്റ്‌ബോള്‍ ലൈഫ് പ്രസിഡന്റ് പി.ജെ സണ്ണി, കേരള ബാസ്‌ക്കറ്റ് ബോള്‍ സെക്രട്ടറി സി. ശശിധരന്‍, ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോസ് സെബാസ്റ്റിയന്‍, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. സി.എം ജംഷീര്‍, ചെറുപുഷ്പ സഭയുടെ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോബി ഇടമുറിയില്‍ സി.എസ്.ടി, സ്‌കൂള്‍ മാനേജര്‍ ഫാ. ബോബി പുള്ളോലിക്കല്‍, പ്രിന്‍സിപ്പാള്‍ ഫാ. റോബിന്‍ തോമസ് എന്നിവര്‍ സന്നിഹിതരായിരിക്കും. മൂന്നിന് വൈകീട്ട് മുന്‍ ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരവും ഇപ്പോഴത്തെ കസ്റ്റംസ് സൂപ്രണ്ടു (പ്രവന്റീവ്)മായ വിവേക് വാസുദേവന്‍ നായര്‍ സമ്മാനദാനം നിര്‍വഹിക്കും. പി.ടി.എ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ആല്‍വിന്‍ സെബാസ്റ്റ്യന്‍, സജി വി.ടി, വീണ വിമല്‍, ഡയാന മഞ്ജുഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.