ലഹരി ഉപയോഗിക്കുന്നതില്‍ നിന്നും പൊതുജനത്തെ മാറ്റി നിര്‍ത്താന്‍ ആശയ സമ്പുഷ്ടമായ ബോധവല്‍ക്കരണ പദ്ധതികള്‍ അനിവാര്യം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

ലഹരി ഉപയോഗിക്കുന്നതില്‍ നിന്നും പൊതുജനത്തെ മാറ്റി നിര്‍ത്താന്‍ ആശയ സമ്പുഷ്ടമായ ബോധവല്‍ക്കരണ പദ്ധതികള്‍ അനിവാര്യം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

ലഹരിക്കെതിരേ ജനജാഗ്രത ഒരുക്കി കോഴിക്കോട് മോട്ടോര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍

കോഴിക്കോട്: ലഹരി ഉപയോഗിക്കുന്നതില്‍ നിന്നും പൊതുജനത്തെ മാറ്റി നിര്‍ത്താന്‍ ആശയ സമ്പുഷ്ടമായ ബോധവല്‍ക്കരണ പദ്ധതികള്‍ അനിവാര്യമെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കോഴിക്കോട് മോട്ടോര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജനജാഗ്രത ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ അസ്ഥിത്വം കാത്ത് സൂക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഓരോ മലയാളിയും. ലഹരി ഉപയോഗം നാടിന്റെ സാസ്‌കാരിക മൂല്യം തകര്‍ക്കുന്ന സാമൂഹ്യ വിപത്താണ്. കുട്ടികള്‍ക്ക് മയക്ക്മരുന്ന് എന്താണ് എന്നറിയാനുള്ള ജിജ്ഞാസയാണ് ലഹരിയുടെ മഹാഗര്‍ത്തത്തിലേക്ക് എത്തിപ്പെടാന്‍ പ്രധാന കാരണം. ലഹരി ഉപയോഗിക്കുന്നില്ലന്ന് ഓരോ വ്യക്തിയും ഉറച്ച തീരുമാനമെടുക്കണം. ലഹരിക്കെതിരേ പുതിയ ആശയം കൊണ്ടുവരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ജില്ല പ്രസിഡന്റ് പി.രാഗേഷ് അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍, എക്‌സൈസ്, പോലിസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് പുത്തലത്ത്, എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍ സി.വി രാജീവന്‍ , എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട് , ട്രാഫിക്ക് സി.ഐ എല്‍.സുരേഷ് ബാബു, ട്രാഫിക്ക് എസ് ഐ മാരായ വി.മുഹമ്മദ് അഷറഫ്, മനോജ് ബാബു എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. എം.ആര്‍.എഫ് നാഷണല്‍ ചാമ്പ്യന്‍ അമല്‍നാഥ് മേനോന്‍ , സി.ആര്‍.എഫ് വനിത റൈഡര്‍ ഡോ. സന, നാഷണല്‍ സൂപ്പര്‍ കോ റൈഡര്‍ ചാമ്പ്യന്‍ അമല്‍ ദേവ് എന്നിവരെ ആദരിച്ചു. സെക്രട്ടറി വി.അനൂപ് സ്വാഗതവും ട്രഷറര്‍ ഷെയിഖ് സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു. ബീച്ചില്‍ നിന്നും വാഹന റാലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമിട്ടത്. .

Share

Leave a Reply

Your email address will not be published. Required fields are marked *