മാഹി: മദ്യപിച്ച് കാറോടിച്ച യുവതി തൊട്ട് മുന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളേയും രണ്ട് പിഞ്ചുമക്കളേയും ഇടിച്ച് തെറിപ്പിച്ചു. കണ്ടു നിന്നവര്‍ ചോദ്യം ചെയ്തപ്പോള്‍ കാറില്‍ നിന്നിറങ്ങി വന്ന യുവതി പരിസരവാസികളെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പരക്കെ തല്ലുകയായിരുന്നു. പന്തോ ക്കാവ് ക്ഷേത്രത്തിനടുത്ത് ഇന്നലെ സന്ധ്യക്ക് 6.30 മണിയോടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പന്തക്കല്‍ പോലിസെത്തിയപ്പോഴും യുവതി പരാക്രമം തുടരുകയായിരുന്നു. നാട്ടുകാരെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഏറെ നേരം റോഡില്‍ തെരുവ് യുദ്ധമായിരുന്നു.
മാഹി മുന്‍ നഗരസഭാംഗം ചെമ്പ്രയിലെ ഉത്തമന്‍ തിട്ടയിലിന്റെ മകള്‍ അനിഷയും ഭര്‍ത്താവ് പ്രശാന്തും രണ്ട് കൊച്ചുമക്കളുമാണ് പള്ളൂര്‍ ഭാഗത്തു നിന്നും പന്തക്കല്‍ ഭാഗത്തേക്ക് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. പന്തോക്കാവിലെ ഹമ്പിനടുത്ത് വെച്ചാണ് ഹമ്പില്‍ കയറി നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിന് പിറകില്‍ ഇടിച്ചത്. കണ്ടു നിന്നവര്‍ ചോദ്യം ചെയ്തപ്പോഴാണ് മൂക്കറ്റം മദ്യപിച്ച യുവതി അക്രമാസക്തയായത്. ബലേന കാറിന്റെ പിന്‍ഭാഗത്ത് മാത്രമാണ് K-L59 U 6062 എന്ന നമ്പര്‍ പ്ലേറ്റ് കാണാനുള്ളത്. കാറിനകത്ത് മദ്യക്കുപ്പികള്‍ കാണാനുണ്ട്. പോലിസ് ഇവരെ കസ്റ്റഡിയിലെടുത്ത് പള്ളൂര്‍ ഗവ: ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയയാക്കി. ഇവര്‍ മട്ടന്നൂര്‍ സ്വദേശിയാണെന്നറിയുന്നു പോലിസ് അന്വേഷണമാരംഭിച്ചു.