പ്രവാസി മലയാളി സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

പ്രവാസി മലയാളി സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്. മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നല്‍കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം 2 വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.

പൊതു ജനതാല്‍പര്യമുളള ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍ സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മത്സ്യമേഖല, മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളള സംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്ക തരത്തില്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും നോര്‍ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.orgല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം പദ്ധതിരേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധന പട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 15 – നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക-റൂട്ട്സ് , നോര്‍ക്ക സെന്റര്‍, 3-ാം നില, തൈക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org ലും 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പറിലും ലഭിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *