കോഴിക്കോട്:ജനാധിപത്യം എന്നത് കുടുംബത്തിനകത്ത് നടപ്പിലാക്കണമെന്നും കുടുംബത്തിനുള്ളിൽ് ലിംഗനീതിയെ കുറിച്ച് അവബോധമുണ്ടാക്കിയാൽ മാത്രമെ സമൂഹം മാറ്റപ്പെടുകയുള്ളുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി. കേരള വനിതാ കമ്മീഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പുരുഷാധിപത്യ മൂല്യങ്ങൾ ആഴ്ന്നിറങ്ങിയ ചുറ്റുപാടിൽ സ്ത്രീകൾ വിവേചനം നേരിടുമ്പോൾ കുടുംബാന്തരീക്ഷത്തിലും സ്ത്രീ വിവേചനം നിലനിൽക്കുകയാണ്. ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകൾക്ക് അഭിമാനത്തോടെ ജീവിക്കുവാനുള്ള അവകാശം ലഭ്യമാക്കിയാൽ മാത്രമെ ഭരണഘടനയിൽ അന്തർലീനമായ ലിംഗ നീതി പ്രാവർത്തികമാകൂവെന്നും പി സതീദേവി പറഞ്ഞു.
നമ്മുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നു എന്നതാണ് ഭരണഘടനയുടെ പ്രസക്തമായ വശം. ജാതി,മത, വർഗ, വർണ ലിംഗ വിത്യാസത്തിൽ അതീതമായി സമഭാവനയുടെ അന്തരീക്ഷം ഉയർത്തിപ്പിടിക്കുന്ന ഭരണഘടന വെച്ച് കൊണ്ട് ലിംഗ നീതിയെ കുറിച്ച് ഇന്നും ചർച്ച ചെയ്യേണ്ടി വരുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ലിംഗ വിവേചനത്തിന്റെ കാര്യം പറയുമ്പോൾ ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനവും ചർച്ച ചെയ്യേണ്ടതുണ്ട്. ലൈംഗിക സ്വത്വം മറച്ച് വെച്ച് അപമാനിതരായ ജീവിതം കേരളത്തിലുണ്ടായിരുന്നു. അവരുടെ മാനസിക ശാരീരിക പ്രശ്‌നങ്ങളെ ചർച്ച ചെയ്യാനും അവർക്കായി നയം രൂപീകരിച്ചും കേരള സർക്കാർ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് കുട്ടികൾക്ക് ധാരണയുണ്ടാക്കണമെങ്കിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ലൈംഗിക വിദ്യാഭ്യാസം സാധ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, സ്ഥിരം സമിതി അംഗങ്ങളായ വി.പി ജമീല, കെ.വി റീന, പി സുരേന്ദ്രൻ, എൻ.എം വിമല, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ.പി ഗവാസ്, സുരേഷ് മാസ്റ്റർ വനിതാ കമ്മീഷൻ പ്രൊജക്ട് ഓഫീസർ എൻ ദിവ്യ, വനിതാ കമ്മീഷൻ പി.ആർ.ഒ ശ്രീകാന്ത് എം ഗിരിനാഥ് എന്നിവർ സംസാരിച്ചു.
ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തിൽ കില സ്‌പെഷ്യലിസ്റ്റ് ഇൻ വുമൺ സ്റ്റഡീസ് അമൃത് രാജ്, സ്ത്രീ സഹായ സംവിധാനങ്ങൾ എന്ന വിഷയത്തിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ അബ്ദുൽബാരി എന്നിവർ വിഷയാവതരണം നടത്തി. വനിതാ കമ്മീഷൻ മെമ്പർ അഡ്വ.ഇന്ദിരാ ശശി സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീർ നന്ദിയും പറഞ്ഞു.