ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക് അര്‍ജന്റീന

ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക് അര്‍ജന്റീന

നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോളണ്ടിനെ പരാജയപ്പെടുത്തി അര്‍ജന്റീന

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് കളി മികവ് പുറത്തെടുത്ത് അര്‍ജന്റീന. നിര്‍ണായകമായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെസിപ്പടയുടെ വിജയം. 74 ശതമാനം ബോള്‍ പൊസഷനും കൈയ്യടക്കിയ അര്‍ജന്റീനക്ക് തന്നെയായിരുന്നു കളിയില്‍ മുന്‍തൂക്കം. ജയിക്കാനുറച്ചു തന്നെയായിരുന്നു അര്‍ജന്റീനയുടെ വരവ്. അര്‍ജന്റീനിയന്‍ മുന്നേറ്റങ്ങള്‍ക്ക് മുമ്പില്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കാന്‍ മാത്രമേ ലെവന്‍ഡോസ്‌കിയുടെ പോളണ്ടിന് കഴിഞ്ഞുള്ളൂ. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ നാല് പ്രധാന മാറ്റങ്ങളുമായാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. മെക്സിക്കോയ്ക്കെതിരേ പകരക്കാരനായി എത്തി ഗോളടിച്ച എന്‍സോ ഫെര്‍ണാണ്ടസ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ആദ്യ രണ്ട് കളികളില്‍ നിറം മങ്ങിയ ലൗറ്റാരോ മാര്‍ട്ടിനെസിന് പകരം ജൂലിയന്‍ അല്‍വാരസ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ലെഫ്റ്റ് ബാക്കായി മാര്‍ക്കോസ് അക്യുനയും റൈറ്റ് ബാക്കായി നാഹ്യുവല്‍ മൊളീനയുമെത്തി. നിക്കോളാസ് ഒട്ടമെന്‍ഡിയും ടീമില്‍ ഇടം നേടി.

38-ാം മിനിട്ടില്‍ ലഭിച്ച പെനാള്‍ട്ടി മെസി പാഴാക്കിയതൊഴിച്ചാല്‍ സര്‍വാധിപത്യത്തോടു കൂടിയാണ് പ്രീക്വാര്‍ട്ടറിലേക്കുള്ള അര്‍ജന്റീനിയന്‍ വിജയം. മെസിയുടെ തകര്‍പ്പന്‍ ഷോട്ട് പോളണ്ട് ഗോള്‍കീപ്പര്‍ സ്റ്റെന്‍സി തട്ടിയകറ്റുകയ്യാരുന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലും അര്‍ജന്റീന ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടി. അതിന് ഫലം കാണുകയും ചെയ്തു. 46ാം മിനിട്ടില്‍ മാക് അലിസ്റ്ററും, 67ാം മിനിട്ടില്‍ ജൂലിയന്‍ ആല്‍വാരസും അര്‍ജന്റീനക്കായി ലക്ഷ്യംകണ്ടു. മികച്ച ബോള്‍ പാസിങ്ങോടു കൂടിയായിരുന്നു അര്‍ജന്റീനയുടെ കളി. ജയത്തോടെ ആറ് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. തോറ്റെങ്കിലും പോളണ്ടും പ്രീക്വാര്‍ട്ടര്‍ പ്രവശനം സാധ്യമാക്കി. സൗദിയോട് പൊരുതിക്കളിച്ച മെക്സിക്കോ 2-1ന് വിജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പോയിന്റ് നിലയില്‍ രണ്ടാമത്തുള്ള പോളണ്ടിനാണ് പ്രീക്വാര്‍ട്ടറിലേക്കുള്ള നറുക്കു വീണത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *