കേരള നിയമ സഭയുടെ പിന്നോക്ക സമുദായ  ക്ഷേമം സംബന്ധിച്ച സമിതി യോഗം ചേർന്നു

കേരള നിയമ സഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി യോഗം ചേർന്നു

കോഴിക്കോട്:പിന്നോക്ക സമുദായക്കാരുടെ പ്രശ്‌ന പരിഹാരത്തിനായി കേരള നിയമ സഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ജില്ലയിൽനിന്നും മുൻപ് സമിതിക്ക് ലഭിച്ച പരാതികളിൽ ശേഷിക്കുന്ന മൂന്ന് പരാതികളാണ് ഇന്നത്തെ യോഗത്തിൽ പരിഗണിച്ചത്. അവയിൽ രണ്ട് പരാതികളിൽ കിർത്താഡ്‌സിനോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെടുകയും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും സർക്കാരിലേക്ക് ശുപാർശ നൽകുമെന്നും സമിതി അധ്യക്ഷനും എം.എൽ.എയുമായ പി.എസ് സുപാൽ പറഞ്ഞു. ഇന്ന് ലഭിച്ച പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിശോധിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി തുടർ നടപടികൾ സ്വീകരിക്കും. നിയമസഭാ സമിതികളിൽ ലഭിക്കുന്ന പരാതികൾ വിവിധ വകുപ്പുകളിലേക്ക് അയക്കുമ്പോൾ സമയബന്ധിതമായി മറുപടി ലഭ്യമാക്കുന്നതിന് ആവശ്യമായ സംവിധാനമുണ്ടാക്കണമെന്നും അധ്യക്ഷൻ പറഞ്ഞു. ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ സർക്കാർ സർവ്വീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും, അവർ നേരിടുന്ന വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും പിന്നോക്ക സമുദായത്തിൽപ്പെട്ട വ്യക്തികളിൽ നിന്നും സംഘടനാ ഭാരവാഹികളിൽ നിന്നും ഹർജികളും നിവേദനങ്ങളും സ്വീകരിച്ചു. ഇതു സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി യോഗത്തിൽ ചർച്ച നടത്തി. സമിതി അംഗങ്ങളും എം.എൽ.എമാരുമായ കുറുക്കോളി മൊയ്തീൻ, ജി. സ്റ്റീഫൻ, തോമസ്.കെ തോമസ്, അഡീഷണൽ സെക്രട്ടറി കെ. സുരേഷ് കുമാർ, എ.ഡി.എം മുഹമ്മദ് റഫീഖ്.സി, ഡിസിപി ഡോ.എ ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *