കടത്തനാട്ടില്‍ ഉത്സവഛായ തീര്‍ത്ത കലയുടെ മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും; ഇനി കാത്തിരിപ്പ് സംസ്ഥാന സ്‌കൂള്‍ കലോത്സവം

കടത്തനാട്ടില്‍ ഉത്സവഛായ തീര്‍ത്ത കലയുടെ മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും; ഇനി കാത്തിരിപ്പ് സംസ്ഥാന സ്‌കൂള്‍ കലോത്സവം

വടകര: വടക്കന്‍ പാട്ടിന്റെ ഈരടികള്‍ മുഴങ്ങുന്ന കടത്തനാട്ടില്‍ ചരിത്രം കുറിച്ചുകൊണ്ട് നടന്ന ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കടത്തനാട്ടുകാര്‍ക്ക് ഉത്സവഛായ പകര്‍ന്ന കലയുടെ മേളപ്പെരുക്കത്തിന് വ്യാഴാഴ്ച ഡിസംബര്‍ ഒന്നിന് വൈകുന്നേരത്തോടെ കൊടിയിറങ്ങും. നാലാംദിനം കൂടുതല്‍ വേദികളിലും നിറഞ്ഞാടിയത് ജനപ്രിയ നൃത്ത ഇനങ്ങളായ നാടോടി നൃത്തവും മാപ്പിള കലകളുമായിരുന്നു. കലാമേള ജനം ഒന്നായി ഏറ്റെടുത്ത് അനുഭവമായിരുന്നു കഴിഞ്ഞ നാലു ദിനരാത്രങ്ങള്‍.

നൃത്തവേദികളെല്ലാം ജനം നിറഞ്ഞുകവിഞ്ഞപ്പോള്‍ തുടര്‍ച്ചയായ നാലാംദിനത്തില്‍ നാടകവേദിയും ആസ്വാദകരുടെ തിരക്കിലമര്‍ന്നു. ടൗണില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും കാണികള്‍ ഒഴുകിയെത്തി. ജില്ലയിലെ പ്രധാന വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളും അധ്യാപകരുമെല്ലാം എത്തിയപ്പോള്‍ വടകരയുടെ പ്രധാനവീഥികളും ഇടവഴികളും ജനസഞ്ചയമായി. കൊവിഡ് കാലത്തിന് ശേഷം നാടുണര്‍ത്തി നടക്കുന്ന ഉത്സവത്തെ ഒരേ മനസ്സോടെയാണ് കടത്തനാട്ടുകാര്‍ ഏറ്റെടുത്തിരിക്കുന്നത്. മുന്നില്‍ നിന്ന് നയിക്കുന്ന ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പോലിസും ജില്ലാ ഭരണകൂടവും കലാസ്വാദകരും ഒക്കെ ചേര്‍ന്ന് യുവജനോത്സവത്തെ കടത്തനാടിന്റെ ജനകീയ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്.

വ്യാഴാഴ്ച രാവിലെ ഭരതനാട്യം, നാടന്‍ പാട്ട്, വഞ്ചിപാട്ട്, കഥകളി, സംഘനൃത്തം തുടങ്ങി ബാന്റ് മേള മത്സരത്തോടെ സമാപനം. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫികള്‍ കെ.മുരളീധരന്‍ എം.പി സമ്മാനിക്കും. ഇനി കാത്തിരിപ്പ് ജനുവരി മൂന്നു മുതല്‍ ഏഴ് വരെ ജില്ലയില്‍ അരങ്ങുണരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *