കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി കോഴിക്കോട് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവ്, മണക്കടവ് എന്നീ പ്രദേശങ്ങളിൽ വീട് കയറി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വെച്ചിരുന്ന രണ്ട് എ.എ.വൈ. കാർഡുകൾ, 10 മുൻഗണനാ കാർഡുകൾ, 4 സ്റ്റേറ്റ് സബ്സിഡി കാർഡുകൾ എന്നിവ പിടിച്ചെടുത്തു. അനധികൃതമായി വാങ്ങിയ റേഷൻസാധനങ്ങളുടെ കമ്പോളവില ഒടുക്കുന്നതിലേക്കായി നോട്ടീസ് നൽകി.
താലൂക്ക് സപ്ലൈ ഓഫീസർ എൻ. ജി. ബാലചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ സീന പി.ഇ, റേഷനിംഗ് ഇൻസ്പെക്ടർമാരായ സുരേഷ്. വി, ജയൻ. എൻ.പണിക്കർ, ജീവനക്കാരായ അനിൽകുമാർ. യു.വി, മൊയ്തീൻകോയ എന്നിവർ പങ്കെടുത്തു.വരും ദിവസങ്ങളിലും താലൂക്കിലുടനീളം ശക്തമായ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.