കോഴിക്കോട്:വെസ്റ്റ് ഹിൽ പോളിടെക്നിക് സി.ഡി.റ്റി.പി പ്രൊജക്ടിലെ വിദ്യാർത്ഥിനികൾ കത്തുകൾ തയ്യാറാക്കി മാതൃക തീർക്കുകയാണ്. എച്ച്.ഐ. വി ബാധിതർക്ക് മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ഹാന്റ് എംബ്രോയ്ഡറി രൂപത്തിൽ കത്ത് തുന്നി എഴുതുന്നത്.
സംസ്ഥാനത്തെ വിവിധ ഗവ.പോളിടെക്‌നിക്കുകൾ വഴി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സി.ഡി.റ്റി.പി പ്രൊജക്ട് എന്ന ചുരുക്കപ്പേരിൽ അറിയിപ്പെടുന്ന കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക്കിലെ, ജില്ലയിലെ എട്ട് എക്സ്റ്റൻഷൻ സെന്റുകളിലെ ഫാഷൻ ഡിസൈനിംങ് കോഴ്‌സ് വിദ്യാർത്ഥിനികളാണ് കത്തുകൾ തയ്യാറാക്കുന്നത്.
സാമൂഹികമായും സാമ്പത്തികമായും ഒരു വ്യക്തി തീർത്തും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിൽ കൂടെ നിൽക്കുക എന്നതാണ് അടിസ്ഥാനപരമായി ഓരോ മനുഷ്യർക്കും ചെയ്യാൻ സാധിക്കുന്നതെന്ന് പറയുകയാണിവർ. ഇനിയുള്ള കാലത്തെ വിദ്യാഭ്യാസം അങ്ങനെ കൂടിയായി മാറണമെന്നാണ് ഇവരുടെ ആഗ്രഹം.
എല്ലാവരേയും സമമായി കാണുക എന്ന പ്രമേയത്തെ ഉൾക്കൊണ്ടാണ് ചികിത്സയിലുള്ള ഓരോ വ്യക്തികൾക്കും അവർ കത്തുകൾ ഹാന്റ് എംബ്രോയ്ഡറി രൂപത്തിൽ തുന്നി എഴുതുന്നത്. വേൾഡ് എയ്ഡ്‌സ് ദിനമായ ഡിസംബർ ഒന്നിന് രോഗബാധിതരുടെ കൈകളിലേക്ക് കത്തുകൾ എത്തുന്നതിനും അവർക്ക് ശാരീരിക- മാനസീക പിന്തുണ അറിയിക്കുന്നതിനുമാണ് കത്തുകൾ തയ്യാറാക്കുന്നത് വഴി ലക്ഷ്യമിടുന്നത്. വിദ്യാർത്ഥിനികൾ തുന്നിഎഴുതിയ കത്തുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഏറ്റുവാങ്ങി.