വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് പോലിസ് അനുമതിയില്ല; പ്രശ്‌നങ്ങളുണ്ടായാല്‍ ഉത്തരവാദി സംഘടനയെന്ന് പോലിസ്

വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് പോലിസ് അനുമതിയില്ല; പ്രശ്‌നങ്ങളുണ്ടായാല്‍ ഉത്തരവാദി സംഘടനയെന്ന് പോലിസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് വൈദികരുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനെതിരേയും തുറമുഖ പദ്ധതിയെ അനുകൂലിച്ചും മാര്‍ച്ച് നടത്തുന്നതിനെതിരേ പോലിസ്. ഹിന്ദു ഐക്യവേദി നടത്തുന്ന മാര്‍ച്ചിനെതിരേയാണ് പോലിസ്. ഇന്ന് വൈകീട്ട് നടത്താനിരുന്ന ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് പോലിസ് അനുമതി നിഷേധിച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്. മാര്‍ച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന മുന്നറിയിപ്പോടെ പോലിസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

പ്രകോപന പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ച ഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പോലിസിനെ വിന്യസിക്കും. അതേസമയം, വിഴിഞ്ഞം സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ ഇന്ന് പ്രത്യേക പോലിസ് സംഘം സന്ദര്‍ശിച്ചേക്കും. അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് വേഗത്തില്‍ കടക്കേണ്ടെന്നാണ് പോലിസിന്റെ തീരുമാനം. തുറമുഖത്തിനെതിരേ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസ് വീടുകളിലെത്തി സന്ദര്‍ശിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *