കൊച്ചി: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരത്തെ കണ്ടില്ലെന്ന് നടിക്കരുത്. ജനാധിപത്യപരമായ രീതിയില്‍ ഭരണകൂടം ഇടപെട്ട് പ്രശ്‌നപരിഹാരം കാണണമെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണം. മൂന്നുമാസത്തിലധികം കാലമായി സമരം ചെയ്യുന്ന കുടുംബങ്ങളിലെ അവസ്ഥ കൂടി ഭരണകൂടം കണക്കിലെടുക്കണം. ഗോഡൗണിലും മറ്റുമായി കഴിയുന്ന ആളുകള്‍ക്ക് അടിയന്തര പുനരധിവാസം ഉറപ്പാക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അനുഭവത്തിന്റെ വെളിച്ചത്തില്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്ന തീരശോഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടണം. സമരം ചെയ്യുന്നവരെ രാജ്യദ്രോഹികള്‍ എന്നും വികസന വിരോധികള്‍ എന്നും വിളിക്കുന്നതൊന്നും പ്രശ്‌നപരിഹാരത്തിന് ഉപകരിക്കില്ല. എല്ലാവരേയും ഉള്‍ക്കൊണ്ട് എല്ലാവര്‍ക്കും വേണ്ടിയാകണം വികസന പദ്ധതികള്‍. വികസനത്തിന്റെ ഇരകളായി മാത്രം ഒരു കൂട്ടര്‍ മാറുകയും, വികസനത്തിന്റെ ഗുണഭോക്താക്കളായി ചുരുക്കം ചിലര്‍ മാത്രം മാറുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത് എന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ പറഞ്ഞു.