വര്‍ഗീയാധിക്ഷേപം: സഭാനേതൃത്വവും സര്‍ക്കാരും മൗനം വെടിയണം: കെ.എന്‍.എം മര്‍കസുദ്ദഅ്‌വ

വര്‍ഗീയാധിക്ഷേപം: സഭാനേതൃത്വവും സര്‍ക്കാരും മൗനം വെടിയണം: കെ.എന്‍.എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: ഉത്തരവാദപ്പെട്ട ഒരു സഭാ പുരോഹിതന്‍ മന്ത്രി വി. അബ്ദുറഹ്‌മാന്റെ പേര് പറഞ്ഞ് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം വര്‍ഗീയാധിക്ഷേപം നടത്തിയിട്ടും ക്രൈസ്തവ സഭാ നേതൃത്വം മൗനം പാലിക്കുന്നത് വേദനാജനകമാണെന്ന് കെ.എന്‍.എം. മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മുസ്‌ലിംകളെയാകെ തീവ്രവാദ ചാപ്പകുത്തി സാമുദായിക വിദ്വേഷം പരത്തുന്ന പ്രസ്താവന മുസ്‌ലിം സമുദായം പൊറുക്കാത്ത അപരാധമാണ്.
കോടതി വിധി അംഗീകരിക്കില്ലെന്നും പോലിസ് സ്റ്റേഷന്‍ കത്തിക്കുമെന്നും മന്ത്രി അബ്ദുറഹ്‌മാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്നും ബിഷപ്പുമാര്‍ യാതൊരു ലജ്ജയുമില്ലാതെ പരസ്യപ്രസ്താവം നടത്തിയിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയായിരിക്കുന്നത് പരിഹാസ്യമാണ്. കലാപാഹ്വാനം നടത്തിയവരെ തുറങ്കിലടച്ച് സമാധാനവും സഹവര്‍ത്തിത്തവും സാധ്യമാക്കാന്‍ ബാധ്യതപ്പെട്ട പോലിസും സര്‍ക്കാരും വര്‍ഗീയ തീവ്രവാദികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ്.
ഒരു സമുദായത്തെ ഒന്നടങ്കം വര്‍ഗീയാധിക്ഷേപം നടത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും പോലിസ് സ്റ്റേഷന്‍ ആക്രമിക്കപ്പെടുകയും ചെയ്തിട്ട് ഭരണ – പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ കുറ്റകരമായ മൗനം തുടരുന്നത് ലജ്ജാവഹമാണ്. കേരളത്തിലെ സാംസ്‌കാരിക നായകര്‍ മൗനം വെടിഞ്ഞ് വിഴിഞ്ഞത്തെ കലാപകാരികളെ നിലയ്ക്കുനിര്‍ത്താന്‍ മുന്നോട്ട് വരണമെന്നും യോഗം ആഹ്വാനം ചെയ്തു.
വൈസ് പ്രസിഡണ്ട് എന്‍ജിനീയര്‍ സൈദലവി അധ്യക്ഷത വഹിച്ചു. സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍.എം അബ്ദുല്‍ ജലീല്‍, ഡോ. അനസ് കടലുണ്ടി, പി.പി ഖാലിദ്, കെ.എം കുഞ്ഞമ്മദ് മദനി, എം.കെ മൂസ മാസ്റ്റര്‍, മുഹ്‌സിന്‍ തൃപ്പനച്ചി, കെ.എ സുബൈര്‍ അരൂര്‍, മമ്മു കോട്ടക്കല്‍, ഡോ. ഇസ്മായില്‍ കരിയാട്, ഡോ.അന്‍വര്‍ സാദത്ത്, കെ.എല്‍.പി ഹാരിസ്, കെ.പി അബ്ദുറഹ്‌മാന്‍ സുല്ലമി, ഫൈസല്‍ നന്മണ്ട, പ്രൊഫ. ഷംസുദ്ദീന്‍ പാലക്കോട്, എം.ടി മനാഫ് മാസ്റ്റര്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, അബ്ദുസ്സലാം പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *