കോഴിക്കോട്: ലോക എയ്ഡ്‌സ് ദിനമായ നാളെ (ഡിസംബര്‍ 1) ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ദിനേഷ്‌കുമാര്‍ എ.പിയും ജില്ലാ ടി.ബി ആന്‍ഡ് എയ്ഡ്‌സ് നിയന്ത്രണ ഓഫിസര്‍ അനുരാധ ടി.സിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഒന്നായ്, തുല്യരായി തടഞ്ഞുനിര്‍ത്താം’ എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. ആരോഗ്യവകുപ്പ്, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ദേശീയ ആരോഗ്യമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, റെഡ് റിബ്ബണ്‍ അംഗങ്ങള്‍, നെഹ്‌റു യുവകേന്ദ്ര, ഇതര സര്‍ക്കാര്‍ വകുപ്പുകള്‍, ടാര്‍ഗറ്റഡ് ഇന്റര്‍വെന്‍ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തകര്‍, സര്‍ക്കാറേതര സംഘടനകള്‍, രക്തദാന സന്നദ്ധ സംഘങ്ങള്‍ എന്നിവര്‍ പരിപാടികളില്‍ ഭാഗഭാക്കാവും. എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയും 2025നകം ജില്ലയില്‍ പുതിയ എച്ച്.ഐ.വി ബാധ ഇല്ലാതാക്കുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ക്യാമ്പയിന്‍ ബോധവല്‍ക്കരണ റാലി നാളെ രാവിലെ 9.30ന് എരഞ്ഞിപ്പാലം ജംഗ്ഷനില്‍നിന്ന് ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം 10.30ന് സിവില്‍സ്റ്റേഷനിലെ ജില്ലാ പ്ലാനിങ് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. തുടര്‍ന്ന് ബോധവല്‍ക്കരണ സെമിനാര്‍, മാജിക് ഷോ എന്നിവ നടക്കും. വൈകീട്ട് ആറ് മണിക്ക് എച്ച.ഐ.വി ബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ കേന്ദ്രങ്ങളില്‍ സ്‌നേഹ ദീപം തെളിയിക്കല്‍ ചടങ്ങും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് മുസ്തഫ.കെ (ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫിസര്‍ ഇന്‍ ചാര്‍ജ്, ജില്ലാ മെഡിക്കല്‍ ഓഫിസ് ആരോഗ്യം), ഡോ. അന്നമ്മ പി.സി (എ.ആര്‍.ടി മെഡിക്കല്‍ ഓഫിസര്‍) എന്നിവരും പങ്കെടുത്തു.