നോര്‍ക്ക റൂട്ട്‌സ് സാന്ത്വനം പദ്ധതി: ചിറയിന്‍കീഴില്‍ അദാലത്ത് ഡിസംബര്‍ 17ന്

നോര്‍ക്ക റൂട്ട്‌സ് സാന്ത്വനം പദ്ധതി: ചിറയിന്‍കീഴില്‍ അദാലത്ത് ഡിസംബര്‍ 17ന്

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന സാന്ത്വന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ചിറയന്‍കീഴ് താലൂക്കിലെ പ്രവാസികള്‍ക്കായി ഡിസംബര്‍ 17ന് (ശനിയാഴ്ച) ആദാലത്ത് സംഘടിപ്പിക്കുന്നു. നോര്‍ക്ക റൂട്ട്സിന്റെ തൈക്കാടുള്ള ഹെഡ് ഓഫിസിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററിലാണ് അദാലത്ത് നടക്കുക. അദാലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 14ന് മുന്‍പായി 8281004901, 8281004902 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ചിറയന്‍കീഴ് താലൂക്കില്‍ ഉള്‍പ്പെടുന്നവര്‍ മാത്രമേ ഈ അദാലത്തിലേക്ക് അപേക്ഷ നല്‍കേണ്ടതുള്ളൂ. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ അദാലത്തില്‍ പ്രവേശനമുണ്ടാകൂ. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. മുന്‍പ് ധനസഹായം ലഭിച്ചവരും അപേക്ഷ നല്‍കിയവരും വീണ്ടും അദാലത്തില്‍ പങ്കെടുക്കേണ്ടതില്ല.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് ‘സാന്ത്വനം’. ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതര്‍ക്കുള്ള ധനസഹായം (നിബന്ധനകള്‍ക്ക് വിധേയമായി) എന്നിവ പദ്ധതി പ്രകാരം ലഭിക്കും. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും വിവാഹ ധനസഹായമായി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് 10,000 രൂപയും സാന്ത്വന പദ്ധതി പ്രകാരം ലഭ്യമാണ്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയുക. ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല.

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ആണ് അപേക്ഷിക്കാന്‍ കഴിയുക. നടപ്പു സാമ്പത്തിക വര്‍ഷം 33 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 30 കോടി രൂപയാണ് ധനസഹായമായി സാന്ത്വന പദ്ധതി പ്രകാരം അനുവദിച്ചത്. പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് അപേക്ഷ നല്‍കുന്നതിനും നോര്‍ക്ക റൂട്ട്‌സ് ഓഫിസുകളുമായി ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറിലും 1800 4253939 ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *