ദോഹ: ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്ക് നാല് ടീമുകള്‍ കൂടി പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സ്, ഇംഗ്ലണ്ട്, സെനഗല്‍ ,അമേരിക്ക എന്നീ ടീമുകളാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നെതര്‍ലാന്‍ഡ്‌സ് വീഴ്ത്തിയത്. ആദ്യ പകുതിയില്‍ കോഡി ഗാക്‌പോയും രണ്ടാം പകുതിയില്‍ ഫ്രാങ്കി ഡി യോങ്ങുമാണ് നെതര്‍ലാന്‍ഡ്‌സിനായി ഗോള്‍ നേടിയത്. നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായണ് നെതര്‍ലാന്‍ഡ്‌സിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. കളിച്ച എല്ലാ മത്സരത്തിലും പരാജയപ്പെട്ടെന്ന ചീത്ത പേരോടു കൂടിയാണ് ഖത്തറിന്റെ വേള്‍ഡ്കപ്പില്‍ നിന്നുള്ള മടക്കം. പോയിന്റ് ടേബിളില്‍ അവസാനമാണ് ഖത്തര്‍.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ സെനഗല്‍ ഇക്വഡോറിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. പെനാല്‍ട്ടിയിലൂടെ സാറിന്‍ ഹിന്‍കാപ്പിയും 70ാം മിനിട്ടില്‍ കൂലിബാലിയിലൂടെയുമാണ് സെനഗല്‍ ലക്ഷ്യം കണ്ടത്. ഇക്വഡോറിനായി കൈസെഡേ ഗോള്‍ നേടി. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഇറാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അമേരിക്ക പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. കളിയുടെ 38ാം മിനിട്ടില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിലൂടെയാണ് അമേരിക്ക ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് വെയില്‍സിനെ പരജായപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വെയില്‍സിനെ പരാജയപ്പെടുത്തിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഗോള്‍ സ്‌കോര്‍ ചെയ്തത്. ഇംഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ഫില്‍ഫോഡന്‍ പട്ടിക തികച്ചു.