തിരുവനന്തപുരം: ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി. മന്ത്രി വി. അബ്ദുള്‍ റഹിമാനെതിരേ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രാവാദി പരാമര്‍ശത്തിലാണ് സമരസമിതി ഖേദം പ്രകടിപ്പിച്ചത്. ഒരു സ്വകാര്യ ചാനലിന്റെ ചര്‍ച്ചക്കിടയില്‍ സമരസമിതി നേതാവ് ഫാ. മൈക്കിള്‍ തോമസാണ് ഖേദപ്രകടനം നടത്തിയത്. ഫാ.ഡിക്രൂസിന്റെ പദപ്രയോഗം തെറ്റായി പോയെന്ന് അദ്ദേഹം ചര്‍ച്ചയില്‍ സമ്മതിച്ചു.
”പദപ്രയോഗങ്ങള്‍ സൂക്ഷിക്കണമെന്ന് വിശ്വസിക്കുന്നു. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കാനും ഖേദം പ്രകടിപ്പിക്കാനും ഞങ്ങള്‍ മടി കാണിക്കില്ല. ഉദേശിച്ച രീതിയില്‍ അല്ല പരാമര്‍ശം വ്യാഖ്യാനിക്കപ്പെട്ടത്. പൊതുസമൂഹം മുമ്പാകെ തെറ്റിദ്ധാരണ പരത്തിയതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. സമരസമിതിക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത്.”-മൈക്കിള്‍ തോമസ് പറഞ്ഞു.
അബ്ദുള്‍ റഹിമാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്നായിരുന്നു ഫാ. ഡിക്രൂസ് പറഞ്ഞത്. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളാണെന്ന് മന്ത്രി വി.അബ്ദുള്‍ റഹിമാന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് വിഴിഞ്ഞം സമര സമിതി നേതാവ് കൂടിയായ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് മന്ത്രി അബ്ദുള്‍ റഹിമാനെതിരേ തീവ്രവാദി പരാമര്‍ശം നടത്തിയത്.