ചൈനയുടെ മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു

ചൈനയുടെ മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു

ബീജിങ്: ചൈനയുടെ മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ (96) അന്തരിച്ചു. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് മുന്‍ ചൈനീസ് പ്രസിഡന്റിന്റെ അന്ത്യം. ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ജിയാങ് സെമിന്‍ ചൈനയുടെ അധികാരത്തിലെത്തിയത്. 1989 ലെ പ്രക്ഷോഭത്തിന് പിന്നാലെയാണ് ജിയാങ് സെമിന്‍ ചൈനീസ് അധികാരത്തിലെത്തുന്നത്. പാര്‍ട്ടിയിലെ യാഥാസ്ഥിതികരും പരിഷ്‌കര്‍ത്താക്കളും തമ്മിലുള്ള പോരിന് ശേഷമായിരുന്നു ഇത്.
ചൈന അതിവേഗ വളര്‍ച്ചയുടെ പാതയിലെത്തിയ കാലത്ത് ജിയാങ് സെമിനായിരുന്നു ചൈനയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. സീറോ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായി ചൈനയില്‍ ജനങ്ങള്‍ നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലാണ് ജിയാങ് സെമിന്റെ അന്ത്യം. ഈ പോരില്‍ ഇരു വിഭാഗങ്ങളെയും ഏകീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു വിട്ടുവീഴ്ച നയത്തിന്റെ ഭാഗമായാണ് ജിയാങ് സെമിന്‍ അധികാരത്തിലെത്തിയത്. സെമിന്റെ അധികാര സമയത്ത് കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ പിടിമുറുക്കുകയും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്തതോടെ ചൈന ലോക ശക്തികളിലൊന്നായി വളര്‍ന്നു. 1997ല്‍ ഹോങ്കോംഗ് സാമാധാനപരമായി കൈമാറ്റം ചെയ്തതില്‍ നിര്‍ണായക പങ്കാണ് ജിയാങ് സെമിന്‍ വഹിച്ചത്. ലോക വ്യാപാര സംഘടനയിലേക്കുള്ള ചൈനയുടെ കടന്നുവരവിനും ജിയാങ് സെമിന് കാരണമായി.

1993 മുതല്‍ 2003 വരെ ചൈനയുടെ പ്രസിഡന്റായിരുന്നു ജിയാങ് സെമിന്‍. 1989 മുതല്‍ 2002 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും 1989 മുതല്‍ 2004 വരെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനായും ജിയാങ് സെമിന്‍ സേവനം ചെയ്തിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *