കെ.കെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദേശം

കെ.കെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദേശം

ആലപ്പുഴ: എസ്.എന്‍.ഡി.പി ഭാരവാഹിയായിരുന്ന കെ.കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി പോലിസിന് നിര്‍ദേശം നല്‍കി. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കെ.കെ മഹേശന്റെ കുടുംബം നല്‍കിയ ഹരജിയിലാണ് നടപടി. എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ.കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളി, കെ.എല്‍ അശോകന്‍ എന്നിവരും പ്രതിപട്ടികയിലുണ്ട്. മൂന്ന് പേര്‍ക്കുമെതിരേയും കേസെടുക്കാനാണ് കോടതി നിര്‍ദേശം.

കെ.കെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടുളള പ്രശ്നങ്ങളിലാണ് കെ.കെ മഹേശന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുബം പറയുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എഴുതി വച്ച കത്തില്‍ വെള്ളാപ്പള്ളിക്കെതിരെയും തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് കെ.കെ മഹേശന്‍ ഉയര്‍ത്തിയിരുന്നത്. മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന നിരവധി ക്രമക്കേടുകളില്‍ വെള്ളാപ്പള്ളി നടേശന് പങ്കാളിത്തമുണ്ടന്നും, അതെല്ലാം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ വെള്ളാപ്പള്ളി കുടുബം ശ്രമിക്കുകയാണെന്നും മരിച്ച മഹേശന്‍ തന്റെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നാണ് അവര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്.എന്‍.ഡി.പി ഓഫിസിനകത്ത് കെകെ മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു. വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും മാനസികമായി പീഡിപ്പിച്ചത് കൊണ്ടാണ് മഹേശന്‍ ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സുഭാഷ് വാസുവടക്കമുള്ള എസ്.എന്‍.ഡി.പിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതിരോധിക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം.

 

Share

Leave a Reply

Your email address will not be published. Required fields are marked *