കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ (സി.ആര്‍.സി) കെ.എം.സി.ടി അലയഡ് ഹെല്‍ത്ത് സയന്‍സസ് കോളേജുമായി ധാരണപത്രം കൈമാറി. അനുബന്ധ ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ മികവു തെളിയിച്ച കെ.എം.സി.ടി കോളേജുമായി കൈകോര്‍ത്ത് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുമുള്ള പദ്ധതികളുടെ രൂപീകരണത്തിനും സഹവര്‍ത്തിത്വത്തിനുമുള്ള ധാരണപത്രമാണ് ഇരുസ്ഥാപനങ്ങളും തമ്മില്‍ കൈമാറിയത്. അതിനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.
കെ.എം.സി.ടി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ട്രസ്റ്റി ഡോക്ടര്‍ ആയിഷ നസ്രീന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങളില്‍ സി.ആര്‍.സി ഡയറക്ടര്‍ ഡോക്ടര്‍ റോഷന്‍ ബിജിലി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സന്ദീപ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോക്ടര്‍ ഉമ്മര്‍, നാഷണല്‍ കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സുജിത്ത് വര്‍മ്മ, കോളേജ് പി.ടി.എ പ്രസിഡന്റ് രാമചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ.എം.സി.ടി സി.എ.എച്ച്.എസ് ഫിസിയോതെറാപ്പി മേധാവി ഡോക്ടര്‍ വിജയ് സെല്‍വന്‍ സ്വാഗതവും, സി.ആര്‍.സി കോഴിക്കോട് ഫിസിയോതെറാപ്പി വിഭാഗം മേധാവി ബിനോയി മാത്യു കൃതജ്ഞതയും പറഞ്ഞു. ഡോക്ടര്‍ റോഷന്‍ ബിജിലി, ഗോപിരാജ് പി.വി എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി.