- 2023 സെപ്തംബറില്‍ മലയാളിക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും
തിരുവനന്തപുരം: വിഴിഞ്ഞം പോര്‍ട്ട് സ്വകാര്യ വ്യക്തിയുടേത് അല്ല, അത് സര്‍ക്കാരിന്റെ പോര്‍ട്ട് ആണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മലയാളിക്കുള്ള ഓണസമ്മാനമായി 2023 സെപ്റ്റംബറില്‍ വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായി. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കെണ്ടിവന്നിട്ടില്ല.പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിര്‍മ്മാണം.തീരശോഷണത്തിന് കാരണം തുറമുഖമല്ലെന്നും മന്ത്രി പറഞ്ഞു.വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള എക്‌സ്‌പേര്‍ട്ട് സമ്മിറ്റ് പരിപാടിയില്‍ സംസാരിക്കുകായിരുന്നു മന്ത്രി.
2011 നേക്കാള്‍ 2021ല്‍ വിഴിഞ്ഞത്ത് മത്സ്യലഭ്യത 16 ശതമാനം വര്‍ദ്ധിച്ചതായി സി.എം.എഫ്.ആര്‍.ഐ പഠനം തെളിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക മേഖലയില്‍ തുറമുഖമുണ്ടാക്കുന്ന ഉണര്‍വ് ചെറുതാകില്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് തുറമുഖ വകുപ്പ് സെക്രട്ടറി കെ.ബിജു പറഞ്ഞു. സംയമനത്തിന്റെ പാതയാണ് വേണ്ടത്. വികസന പദ്ധതി തടസപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി മസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിപ്പെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല. ക്ഷണം ഇല്ലാത്ത സാഹചര്യത്തില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പിയും വ്യക്തമാക്കി. വിഴിഞ്ഞം സമരം സംഘര്‍ഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിക്കുന്നത്.
അതിനിടെ വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും പോലിസ് വിന്യാസം നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.അവധിയിലുള്ളവര്‍ തിരിച്ചെത്തണം.തീരദേശ സ്റ്റേഷനുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം . മുഴുവന്‍ പോലിസുകാരും ഡ്യൂട്ടിയിലുണ്ടാകണം. ഡി.ഐ.ജിമാരും ഐ.ജിമാരും നേരിട്ട് കാര്യങ്ങള്‍ നിരിക്ഷിക്കണമെന്നും .ഡി.ജി.പി നിര്‍ദേശിച്ചു.