കോഴിക്കോട്:സംസ്ഥാന സ്‌കൂൾ കലോത്സവം ജനകീയ ഉത്സവമായി നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനുവരി മൂന്ന് മുതൽ എഴ് വരെ കോഴിക്കോട് ജില്ലയിൽ സംഘടിപ്പിക്കുന്ന അറുപത്തിയൊന്നാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് ഡിസംബർ 11 ന് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചും ലഹരിമുക്ത സന്ദേശം ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുക.
26 ഓളം സ്റ്റേജുകളാണ് കോഴിക്കോട് നഗരത്തിന്റെ വിവിധയിടങ്ങളിലായി ഒരുക്കുക. കലോത്സവത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 21 സബ് കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്. സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തതിന്റെ ഭാഗമായി കമ്മിറ്റി പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാനും സാംസ്‌കാരിക പരിപാടികൾ മികച്ച രീതിയിൽ പൂർണ്ണ ജനപങ്കാളിത്തത്തിൽ നടത്താനും യോഗത്തിൽ തീരുമാനിച്ചു.
എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ലിന്റോ ജോസഫ് കെ.എം സച്ചിൻ ദേവ്, കെ.കെ രമ, ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എം.പി ശിവാനന്ദൻ, പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ (ജനറൽ), സി.എ സന്തോഷ്, സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ, ഡി.ഡി.ഇ മനോജ് കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.