കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥനെതിരേ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിലിന് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍. തരൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരേ ശബരിനാഥ് നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് കോട്ടയം ജില്ലയിലെ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പരാതി നല്‍കിയത്. ശബരിനാഥന്‍ നടത്തിയ പ്രസ്താവന അച്ചടക്കലംഘനമാണെന്ന് ഇവര്‍ ഉന്നയിക്കുന്നു.
അതേസമയം തരൂരിനെതിരേയുള്ള നീക്കങ്ങളില്‍ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചിന്തന്‍ ശിവിരില്‍ തരൂര്‍ വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് ശശി തരൂര്‍ എം.പിയെ വിലക്കിയതാരാണെന്ന് ജില്ലാ കമ്മിറ്റിയില്‍ ചോദ്യമുയര്‍ന്നു. തരൂരിനെ വിലക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ അപ്രഖ്യാപിത ഹൈക്കമാന്‍ഡ് പ്രവര്‍ത്തിക്കുന്നുവെന്നും ചിലര്‍ വിമര്‍ശനമുയര്‍ത്തി. ശശി തരൂരിനെതിരെ മുതിര്‍ന്ന നേതാക്കളടക്കം കാണിക്കുന്ന അസഹിഷ്ണുത ശരിയല്ലെന്നും കേരളത്തിലെ കാര്യങ്ങള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നും വിമര്‍ശനമുണ്ടായി. എന്നാല്‍ ശശി തരൂരുമായി പ്രശ്‌നങ്ങളില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്.