- ഇന്ന് മത്സ്യത്തൊഴിലാളി വഞ്ചനാദിനമായി ആചരിക്കും
തിരുവനന്തപുരം: നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ വിഴിഞ്ഞത്തെ അക്രമസംഭവങ്ങള്‍ക്ക് ശേഷം വിഴിഞ്ഞം സമരത്തിന് അയവു വന്നെങ്കിലും ഇനിയും അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സമരത്തില്‍നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. വരും ദിവസങ്ങളിലും പ്രതിഷേധങ്ങളും ആക്രമണങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യ അന്വേഷണ വിഭാഗം നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിക്കും. അതിനാല്‍ തന്നെ പോലിസ് ജാഗ്രത കര്‍ശനമാക്കി. സംസ്ഥാനത്തെ തീരദേശമേഖലകളിലാകെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കും. ഓഖി ദുരന്ത വാര്‍ഷികത്തോടനുബന്ധിച്ചാണ് ദിനാചരണം. ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളില്‍ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി മെഴുകുതിരികള്‍ കത്തിക്കും. ഇതിനിടെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള എക്സ്പെര്‍ട്ട് സമ്മിറ്റ് പരിപാടി ഇന്ന് തിരുവനന്തപുരത്ത് നടക്കും. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.