മാഹി: രാഷ്ട്രീയം മറന്ന് നാടിന്റെ വികസനകാര്യങ്ങളെ കുറിച്ച് പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി വാചാലമായപ്പോള്‍ പുതുച്ചേരി രാഷ്ട്രീയത്തിലെ അണിയറ നീക്കങ്ങളും മറയില്ലാതെ തുറന്ന് പറഞ്ഞത് മയ്യഴിക്കാര്‍ക്ക് കൗതുകമായി. സഹകരണ വാരാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുന്‍ ആഭ്യന്തരമന്ത്രി ഇ.വത്സരാജിനെ വേദിയിലിരുത്തി മുഖ്യമന്ത്രി ഉള്ള് തുറന്ന് സംസാരിച്ചത്. രണ്ട് തവണ ഞാന്‍ ഇ.വത്സരാജിനെ തന്റെ പാര്‍ട്ടിയായ എന്‍.ആര്‍ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചിരുന്നു. വത്സരാജ് വന്നിരുന്നുവെങ്കില്‍ രണ്ട് തവണയും അദ്ദേഹത്തെ ഞാന്‍ തന്റെ ക്യാബിനറ്റില്‍ മന്ത്രിയാക്കിയേനേ. പക്ഷെ അദ്ദേഹം മാതൃസംഘടനയായ കോണ്‍ഗ്രസ്സില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. മയ്യഴിക്ക് മാത്രമല്ല, പുതുച്ചേരിക്കും വത്സരാജിന്റെ ഭരണ നൈപുണ്യം ആവശ്യമാണ്. ദീര്‍ഘകാലം മന്ത്രിയായിരുന്നപ്പോള്‍ പുതുച്ചേരിക്കാര്‍ക്കും അത് ബോധ്യമായതാണ്. വത്സരാജ് മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങി വെച്ച് പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച് പോയ മയ്യഴിയിലെ തുറമുഖം, ഇന്‍ഡോര്‍ സ്റ്റേഡിയം, ട്രോമ കെയര്‍ ആശുപത്രി ,പുഴയോര നടപ്പാത എന്നിവയുടെ അവസാന ഘട്ടം എന്നിവ തന്റെ ഭരണകാലത്തു തന്നെ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി തിങ്ങിനിറഞ്ഞ ജനാവലിക്ക് ഉറപ്പ് നല്‍കി.
മാഹി സഹകരണ കോളേജിന് രണ്ട് കോടി രൂപയുടെ സഹായം അനുവദിക്കുമെന്നും 2000 ത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍, ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി രംഗസാമി പറഞ്ഞു. ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു. രമേശ് പറമ്പത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ ആര്‍.സെല്‍വം, ഡെ. സ്പീക്കര്‍ പി.രാജവേലു, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ.വത്സരാജ്, ആരോഗ്യ വകുപ്പ് സെക്രട്ടറി സി.ഉദയകുമാര്‍, റിജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ, എം.കുമാരസ്വാമി, അഡ്വ.എ.പി.അശോകന്‍, പായറ്റ അരവിന്ദന്‍, കെ.മോഹനന്‍ സംസാരിച്ചു.