മാഹി: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല മാഹി കേന്ദ്രത്തിനും കമ്മ്യൂണിറ്റി കോളേജിനും സ്ഥിരം കെട്ടിടം പണിയാന്‍ മാഹി ചാലക്കര റവന്യൂ വില്ലേജില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി അനുവദിച്ചു തരാന്‍ പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമിക്ക് നിവേദനം സമര്‍പ്പിച്ചു. രണ്ടര ഏക്കര്‍ സ്ഥലം കമ്മ്യൂണിറ്റി കോളേജിന് പരിഗണിക്കാമെന്ന് രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ സര്‍വകലാശാലയെ അറിയിച്ചെങ്കിലും ഭൂമി കൈമാറ്റം ഇതുവരെ നടന്നിട്ടില്ല. സര്‍വകലാശാല കേന്ദ്രത്തിനും കോളേജിനും സ്ഥിരം കെട്ടിടവും ക്യാംപസുമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഏറെ പ്രയാസപ്പെടുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഏറെ തൊഴില്‍ സാധ്യതകളുള്ള ബിരുദബിരുദാനന്തര റഗുലര്‍ കോഴ്‌സുകളാണ് മാഹി കമ്മ്യൂണിറ്റി കോളേജില്‍ നടന്നുവരുന്നത്. മാഹി കേന്ദ്രം ഹെഡ് ഡോ.എം.പി രാജന്‍, അസിസ്റ്റന്‍ഡ് റജിസ്ട്രാര്‍ സി.എം ശ്രീകല, പി.ടി.എ വൈസ് പ്രസിഡണ്ട് മനോജന്‍, സെക്രട്ടറി ഫാഷന്‍ ടെക്‌നോളജി വിഭാഗം അധ്യാപിക സുധിഷ വിദ്യാര്‍ത്ഥി പ്രതിനിധി ഉമ്മര്‍ മുക്താര്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.