മാധ്യമ രംഗത്തെ സ്ത്രീ വിഷയങ്ങൾ സംസാരിച്ച്  ‘പെൺപാതി’ ജില്ലാതല സെമിനാർ

മാധ്യമ രംഗത്തെ സ്ത്രീ വിഷയങ്ങൾ സംസാരിച്ച് ‘പെൺപാതി’ ജില്ലാതല സെമിനാർ

കോഴിക്കോട്:കേരള വനിതാ കമ്മീഷനും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘പെൺപാതി’ ജില്ലാ തല സെമിനാർ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി.സതീദേവി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ പൊതുബോധ നിർമ്മിതിയിൽ നിർണ്ണായക പങ്കുവഹിക്കുന്ന നാലാം തൂണാണ് മാധ്യമമെന്നും തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ,സമത്വം എന്നിവ സംബന്ധിച്ച മികച്ച ധാരണകൾ പൊതുബോധത്തിലെത്തിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കണമെന്നും സതീദേവി പറഞ്ഞു.
സമൂഹത്തിൽ അഭിമാനബോധത്തോടെയും അന്തസോടെയും ആത്മവിശ്വാസത്തോടെയും സ്ത്രീകൾക്ക് പ്രവൃത്തിക്കാനാവുമെന്ന ധാരണ പകർന്നു നൽകാൻ മാധ്യമങ്ങൾക്ക് സാധിക്കണമെന്നും അത്തരത്തിലുള്ളതാവട്ടെ മാധ്യമപ്രവർത്തനമെന്നും സതീദേവി പറഞ്ഞു. ഓരോ തൊഴിൽ മേഖലയിലുമുള്ള സ്ത്രീ പങ്കാളിത്ത അവസ്ഥയെകുറിച്ച് വളരെ ഗൗരവപൂർവ്വം വീക്ഷിക്കേണ്ട കാലത്ത് മാധ്യമ ലോകത്തെ സ്ത്രീസാന്നിധ്യവും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടണം. മാധ്യമരംഗത്തെ സ്ത്രീ സുരക്ഷ, സമത്വ സമീപനത്തെകുറിച്ച് പലപ്പോഴായി വനിതാ കമ്മീഷൻ ചർച്ച നടത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപത്തിനും അപമാനങ്ങൾക്കും ഇടയാവുന്ന സഹോദരിമാർ വനിതാ കമ്മീഷനു മുമ്പാകെ പരാതികളുമായി വരുമ്പോൾ നമ്മുടെ പൊതുബോധത്തിലെ സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകളാണ് പ്രകടമാവുന്നത്. മാധ്യമപ്രവർത്തകർക്ക് കൃത്യമായ സ്ത്രീപക്ഷ കാഴ്ചപ്പാട് ഉണ്ടാവണമെന്നും അത് ജനങ്ങളിലെത്തിക്കുന്നതിന് മുൻകൈയെടുക്കണമെന്നും അവർ പറഞ്ഞു.

‘വുമൺസ് സ്പേസ് ഇൻ മീഡിയ’ എന്ന വിഷയത്തിൽ അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് എം.ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. ‘തൊഴിലിടങ്ങളിലെ ലിംഗ സമത്വവും മാധ്യമനിയമങ്ങളും’ എന്ന വിഷയത്തിൽ പബ്ലിക് പ്രോസിക്യൂട്ടറും അഡീഷണൽ ഗവ. പ്ലീഡറുമായ അഡ്വ. പി.എം ആതിര സംസാരിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത വിഷയാവതരണം നടത്തി. കാലിക്കറ്റ് പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് രജി ആർ. നായർ ചർച്ച നിയന്ത്രിച്ചു. വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ആശംസ അറിയിച്ചു. വനിതാ കമ്മിഷൻ പി.ആർ.ഒ ശ്രീകാന്ത് എം ഗിരിനാഥ്, പ്രോജക്ട് ഓഫീസർ ദിവ്യ, കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാഗേഷ് എന്നിവർ സന്നിഹിതരായി. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി സ്വാഗതവും കാലിക്കറ്റ് പ്രസ്‌ക്ലബ് ജോയിന്റ് സെക്രട്ടറി ടി. മുംതാസ് നന്ദിയും പറഞ്ഞു. മാധ്യമരംഗത്ത് നിന്നുള്ളവരും മാധ്യമ പഠന വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *