കോഴിക്കോട്: സംസ്ഥാനത്തെ 2023-24 പ്രീ ബഡ്ജറ്റ് ചര്‍ച്ചയിലേക്ക് പ്രായോഗികവും മുന്‍ഗണനാ ക്രമത്തിലും നിര്‍ദേശങ്ങളടങ്ങിയ നിവേദനം ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് ഷോപ്പ് മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായി ധനമന്ത്രിക്ക് അയയ്ച്ചു.
മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ്, സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെയും ചുമത്തുന്ന ഭീമമായ പിഴയുടെയും അര്‍ഹമായ വിഹിതം കേരളത്തിന് ലഭിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുക, പഴം – പച്ചക്കറി കയറ്റുമതിക്ക് ചുമത്തിയ 18% സി.ജി.എസ്.ടി പിന്‍വലിക്കാന്‍ കേന്ദ്ര ജി.എസ്.ടി കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്തുക, കോര്‍പ്പറേറ്റ് കമ്പനികള്‍ – പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക പിരിച്ചെടുക്കുക, കേന്ദ്ര ഫണ്ടുകളില്‍ നിന്നും ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ചെലവഴിക്കുക, സൗജന്യ ഡയാലിസിസ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വാങ്ങുന്ന ഉപകരണങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുക, അനിവാര്യമല്ലാത്ത സര്‍ക്കാര്‍തല വിദേശയാത്രകള്‍ ഒഴിവാക്കുക, സര്‍ക്കാര്‍ ചടങ്ങുകള്‍ ലളിതമായി നടത്തുക, മലബാറിന്റെ സമഗ്ര വികസനത്തിന് തിരുവമ്പാടിയിലോ സ്ഥലം ലഭ്യതയുള്ള അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കുക, കരിപ്പൂരിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് സിയാല്‍ മാതൃകയില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മിക്കുക ഉള്‍പ്പെടെ 26 നിര്‍ദേശങ്ങളാണ് പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചത്. നിവേദനത്തിന്റെ നേര്‍പ്പകര്‍പ്പ് ഫിനാന്‍സ് (ബഡ്ജറ്റ് വിങ്ങ് – എ ) സെക്ഷന്‍ ഓഫിസര്‍ക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു.