കോഴിക്കോട്: മനുഷ്യ നിര്‍മിതമായ സ്മാരകങ്ങളെല്ലാം ഒരുനാള്‍ മണ്ണടിയുമെന്നും സഭ്യതയുടേയും സംസ്‌കാരത്തിന്റേയും അടയാളങ്ങളായി നില്‍ക്കുന്ന അക്ഷരങ്ങള്‍ കാലഹരണപ്പെടാതെ നിലനില്‍ക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. ഭാരതത്തിലെ 20 ഭാഷകളിലെ 40 എഴുത്തുകാരുമായുള്ള സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡോ.ആര്‍സുവിന്റെ ഹിന്ദി കൃതി ഭാരതീയ കവി – സപ്‌നോം കേ താനേ ബാനേ (ഭാരതീയ കവികള്‍: സ്വപ്‌നങ്ങളുടെ ഊടും പാവും) ഡോ.പി.കെ രാധാമണിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗീതയും ഉപനിഷത്തുക്കളും ഇപ്പോഴും ഒരു ക്ഷതവും സംഭവിക്കാതെ നില്‍ക്കുന്നത് ഇതിനുദാഹരണമാണ്. വിശ്വാസത്തിന്റെ ആവിഷ്‌ക്കാരമാണ് ഭാഷയിലൂടെ കൃതികളില്‍ ആവിഷ്‌കൃതമാകുന്നത്. അവ പഴയതാകുമ്പോഴും ചിരന്തനമായി നില്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഭാഷാ സമന്വയ വേദിയുട 33ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭാരതത്തിലെ ഭാഷാ ബഹുസ്വരത എന്ന വിഷയത്തിലുള്ള ചര്‍ച്ചയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യ അനേകം ചെറുതും വലുതുമായ ഭാഷകളുടെ വിശാലമായ ഒരു കൂട്ടുകുടുംബമാണെന്നും ഈ തിരിച്ചറിവ് നേടിയാലേ രാജ്യത്തിന്റെ സാംസ്‌കാരിക സമന്വയം സുഗമമാകൂവെന്നും അധ്യക്ഷപ്രസംഗത്തില്‍ ആര്‍സു അഭിപ്രായപ്പെട്ടു. വേദി അംഗങ്ങള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും രചിച്ച പുസ്തകങ്ങളുടെ കോപ്പികള്‍ ഗവര്‍ണര്‍ക്ക് ഉപഹാരമായി നല്‍കി. ഡോ. ഒ. വാസവന്‍, ഡോ.എം.കെ പ്രീത, ഡോ. ഗോപി പുതുക്കോട്, കെ.ജി രഘുനാഥ്, വേലായുധന്‍ പള്ളിക്കല്‍, പി.ടി രാജലക്ഷ്മി, കെ.വാരിജാക്ഷന്‍, കെ.കെ.എം വേണുഗോപാലന്‍, പി.ഐ അജയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.