- സഹകരണ മേഖലയില്‍ ഇതാദ്യം
കോഴിക്കോട്: വിനോദത്തിനും വിശ്രമത്തിനും സാഹിത്യ കലാസ്വാദനത്തിനും ഫാം റോക്ക് ഗാര്‍ഡന്‍ ആന്റ് ബഷീര്‍ പാര്‍ക്ക് വേദിയാകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിലെ ആദ്യത്തെ അക്ഷരോദ്യാനമായ ഫാം റോക്ക് ഗാര്‍ഡന്‍ ആന്റ് ബഷീര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം ഫറോക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബഷീറിനെയും ബഷീര്‍ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന തരത്തിലാണ് പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. സാഹിത്യ സാംസ്‌ക്കാരിക സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഷീര്‍ മലയാളികളില്‍ മതനിരപേക്ഷ മനസ്സ് സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു. കരുവന്‍തുരുത്തി സര്‍വീസ് സഹകരണ ബാങ്കിന്റെയും ഡോ. ഹേമ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്ത സംരഭമാണിത്.
വയലോരം മിനി കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ചലച്ചിത്ര നടന്‍ മാമുക്കോയ നിര്‍വഹിച്ചു. കരുവന്‍തുരുത്തി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ഡോ കെ.ചന്ദ്രിക, സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്‍.എം ഷീജ, മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ. അബൂബക്കര്‍, ബേപ്പൂര്‍ ഡെവലപ്‌മെന്റ് മിഷന്‍ ചെയര്‍മാന്‍ എം. ഗിരീഷ്, നമ്മള്‍ ബേപ്പൂര്‍ പദ്ധതി കോര്‍ഡിനേറ്റര്‍ ടി. രാധാഗോപി, അനീസ് ബഷീര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വേദിയില്‍ ഫാം റോക്ക് ഗാര്‍ഡനിലെ ശില്‍പങ്ങള്‍ തയ്യാറാക്കിയ ശില്‍പികളെ ആദരിച്ചു. ചടങ്ങില്‍ ബഷീര്‍ പ്രതിമയുടെ അനാച്ഛാദനവും ഡോക്ടര്‍ ഹൈമ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും നടന്നു. കരുവന്‍തിരുത്തി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്‍. രാജീവന്‍ സ്വാഗതവും ഡോ. ഹൈമ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം. ബാബുരാജ് നന്ദിയും പറഞ്ഞു.