വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമം;  ഇന്ന് സര്‍വകക്ഷിയോഗം

വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമം; ഇന്ന് സര്‍വകക്ഷിയോഗം

  • 36 പോലിസുകാര്‍ക്കാണ് പരുക്ക്
  • 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി
  • സമരക്കാരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജും ഗ്രനേഡും കണ്ണീര്‍വാതകവും

തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലിസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 3000 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. സംഘം ചേര്‍ന്ന് പോലിസിനെ ബന്ദിയാക്കി എന്നാണ് എഫ്.ഐ.ആര്‍. എന്നാല്‍, വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പോലിസിനെ കത്തിക്കുമെന്ന് ഭീഷണി പെടുത്തി. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ സമരം ചെയ്യുന്നവരുടെ പോലിസ് സ്റ്റേഷന്‍ ആക്രമണത്തില്‍ 36 പോലിസുകാര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. കല്ല് കൊണ്ട് മാരകമായ ഇടി കിട്ടി കാലിന് ഗുരുതരമായി പരുക്കേറ്റ എസ്.ഐ ലിജോ പി. മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എട്ട് സമരക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. വിഴിഞ്ഞം തീരദേശത്തും പോലിസ് സ്റ്റേഷന്‍ പരിസരത്തും ഹാര്‍ബറിലും കെ.എസ്.ആര്‍.ടി.സി പരിസരത്തും വന്‍ പോലിസ് സന്നാഹമുണ്ട്.
സമീപജില്ലയില്‍ നിന്നും പൊലീസിനെ എത്തിച്ചു. ഇതിനിടെ വള്ളങ്ങള്‍ നിരത്തി സമരക്കാര്‍ പലയിടത്തും വഴി തടഞ്ഞിട്ടുണ്ട്. വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ഒരു ബസ് പോലും സര്‍വീസ് നടത്തിയിട്ടില്ല. അതേസമയം, ഇന്നലെ കസ്റ്റഡിയിലെടുത്ത നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുത്തപ്പന്‍, ലിയോണ്‍, പുഷ്പരാജ്, ഷാജി എന്നിവരെയാണ് വിട്ടയച്ചത്.

പോലിസ് സ്റ്റേഷന്‍ വളഞ്ഞ സമരക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. പോലിസ് സ്റ്റേഷന്റെ ഒരു ഭാഗം സമരക്കാര്‍ തകര്‍ത്തു. കനത്ത ലാത്തിച്ചാര്‍ജ്ജാണ് സമരക്കാരെ പിരിച്ചുവിടാന്‍ പോലിസ് നടത്തിയത്. സമരക്കാര്‍ ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ പലഭാഗത്തും കേന്ദ്രീകരിക്കുകയാണ്. തീരദേശ മേഖലയാകെ വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. അതേസമയം, വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്. സമവായ ചര്‍ച്ചകള്‍ ഇന്ന് തുടരും. സര്‍വകക്ഷിയോഗത്തില്‍ മന്ത്രിമാരെ കൂടി പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *